കൊച്ചി: വഴിമുടക്കിയുളള സമരം ചോദ്യം ചെയ്തതിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകരുടെ കൈയ്യേറ്റത്തിന് ഇരയായ നടൻ ജോജുവിനെ പിന്തുണച്ച് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്ണൻ. സമരങ്ങൾ സമരാഭാസമാകുമ്പോൾ പ്രതികരണങ്ങൾ സ്വാഭാവികമാണെന്ന് സി.ആർ പ്രഫുൽ കൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ജോജു മദ്യപിച്ചെന്ന് മൈക്കിലൂടെ ഉറപ്പിച്ചുറച്ച് വിളിച്ച് പറഞ്ഞ് അപമാനിച്ച മാന്യന്മാരെയും ഊതിച്ചു നോക്കണമായിരുന്നുവെന്ന് പ്രഫുൽ കൃഷ്ണൻ കൂട്ടിച്ചേർത്തു.
വൈറ്റില പോലെ മണിക്കൂറുകൾ സ്വാഭാവിക ട്രാഫിക്കുണ്ടാകുന്നിടം ചക്ര സ്തംഭന സമരത്തിന് തിരഞ്ഞെടുത്ത ബുദ്ധി അപാരം.. 1500 വണ്ടികളുണ്ട് സമരത്തിലെന്ന് ചില മാധ്യമങ്ങൾ പറഞ്ഞപ്പോൾ ഓർത്തു പോയത് അണികളില്ലാത്ത ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പര്യടന വാഹനം റെയിൽവേ ഗേറ്റിൽ കുരുങ്ങിയപ്പോൾ ‘നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സ്ഥാനാർത്ഥി കടന്നു വരുന്നു’ എന്ന അനൗൺസ്‌മെന്റാണ്…
പെട്രോൾ, ഡീസൽ വില കൂടാനുളള പ്രധാന ഉത്തരവാദി കോൺഗ്രസ്സ് തന്നെയാണ്.. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിർണ്ണയ അവകാശത്തിൽ കോൺഗ്രസ് എടുത്ത അപക്വകരമായ തീരുമാനമാണ് എണ്ണ വില കുതിച്ചുയരാൻ പ്രധാനകാരണം. എണ്ണ വില കുറക്കാൻ ജിഎസ്ടിയിൽപ്പെടുത്താമെന്ന നിർദ്ദേശത്തെ നഖശിഖാന്തം എതിർക്കുന്ന കോൺഗ്രസ്സിന് സമരം ചെയ്യാനുള്ള ധാർമ്മികത ഇല്ലെന്നതാണ് സത്യം..
ജോജുവിന്റെ വണ്ടി അടിച്ച് തകർത്ത്, അപമാനിച്ചെന്ന് വനിതാ പ്രവർത്തകരെക്കൊണ്ട് വരെ നിർലജ്ജം പറയിച്ച കെ സുധാകരന്റെ പുതിയ കോൺഗ്രസ്സിന് നമോവാകമെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
















Comments