എറണാകുളം: മോൻസൻ മാവുങ്കലിനെതിരായ പോക്‌സോ കേസിൽ പരാതി നൽകിയ പെൺകുട്ടിയെ ഡോക്ടർമാർ മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. കളമശേരി മെഡിക്കൽ കോളജിലെ മൂന്ന് വനിത ഡോക്ടർമാർക്കെതിരെയാണ് കേസെടുത്തത്. വൈദ്യ പരിശോധനയ്‌ക്കെത്തിച്ചപ്പോൾ മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് കളമശേരി യൂണിറ്റാണ് കേസെടുത്തിരിക്കുന്നത്.
മൊഴിയുടെ വിശദാംശങ്ങൾ ഡോക്ടർമാർ ചോദിച്ചറിയാൻ ശ്രമിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. കളമശേരി പോലീസിലും നോർത്ത് വനിതാ പോലീസിലും പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ക്രൈംബ്രാഞ്ചിൽ പരാതി നൽകിയത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടന്നിട്ടുണ്ട്.
അതേസമയം ഡോക്ടർമാർ ഭീഷണിപ്പെടുത്തിയെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ അറിയിച്ചു. ലൈംഗിക-അതിക്രമ കേസുകളിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായി അതിക്രമവുമായി ബന്ധപ്പെട്ട സാഹചര്യം വിശദമായി ചോദിച്ചറിയേണ്ടതുണ്ട്. ലഭ്യമായ വിവിരങ്ങൾ പോക്സോ കേസുമായി ബന്ധപ്പെട്ട് നൽകുന്ന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുകയും വേണം. ഇതിനാവശ്യമായ വിശദാംശങ്ങളാണ് ഡോക്ടർമാർ ചോദിച്ചറിഞ്ഞതെന്ന് അസോസിയേഷൻ വ്യക്തമാക്കി.
കേസെടുത്ത ക്രൈംബ്രാഞ്ച് നടപടി പ്രതിഷേധാർഹമാണെന്നും ശക്തമായ ചെറുത്ത് നിൽപ്പ് ഉണ്ടാകുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. കേസ് അട്ടിമറിക്കാനുള്ള ശ്രമം ആശുപത്രിയിൽ നടന്നതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. പോക്‌സോ കേസിൽ മോൻസനെ കൂടാതെ ഇയാളുടെ മേക്കപ്പ് മാൻ ജോഷിയും പ്രതിയാണ്.
















Comments