ഛണ്ഡീഗഡ് : കോൺഗ്രസിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് സമർപ്പിച്ചു. പുതുതായി ആരംഭിക്കുന്ന രാഷട്രീയ പാർട്ടിയുടെ പേരും അമീരന്ദർ സിംഗ് പ്രഖ്യാപിച്ചു. പഞ്ചാബ് ലോക് കോൺഗ്രസ് എന്നാണ് പാർട്ടിയുടെ പേര്.
കോൺഗ്രസ് പാർട്ടിക്കും മറ്റ് നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടാണ് അമരീന്ദർ സിംഗ് രാജിക്കത്ത് സമർപ്പിച്ചത്. പാകിസ്താന്റെ സഹായിയും അസ്ഥിരനായ വ്യക്തിയുമായ നവജ്യോത് സിംഗ് സിദ്ദുവിനെയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്ന് സഹായിക്കുന്നത്. സോണിയ ഗാന്ധി ഇതെല്ലാം കണ്ടില്ലന്ന് നടിക്കുകയാണെന്നും അമരീന്ദർ സിംഗ് ആരോപിച്ചു. പഞ്ചാബിലെ പാർട്ടി നേതാവ് ഹരീഷ് റാവത്തിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ നീക്കിയതിന് പിന്നാലെയാണ് അദ്ദേഹം നേതൃത്വത്തിനോട് അതൃപ്തി അറിയിച്ചത്. പഞ്ചാബിലെ പാർട്ടി അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവിന്റെ ആഗ്രഹപ്രകാരമായിരുന്നു നടപടി. തുടർന്ന് സിദ്ധുവിന്റെ അനുയായിയായ ഛരൺജീത് സിംഗ് ഛന്നിയെ പുതിയ മുഖ്യമന്ത്രിയായി നിയോഗിച്ചു.
ഇതോടെ അതൃപ്തി അറിയിച്ചുകൊണ്ട് പാർട്ടി വിട്ട അമരീന്ദർ സിംഗ് പുതിയ പാർട്ടി ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പഞ്ചാബിന്റെ ഭാവിക്ക് വേണ്ടിയാണ് താൻ പൊരുതുന്നത് എന്നും നവജ്യോത് സിംഗ് സിദ്ധുവിനെതിരെ മത്സരിക്കുമെന്നും അമരീന്ദർ സിംഗ് അറിയിച്ചിരുന്നു.
Comments