അയോദ്ധ്യ: ദീപാവലി ദിനത്തിൽ വലിയ ആഘോഷത്തിനൊരുങ്ങി അയോദ്ധ്യ. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ ആഘോഷങ്ങൾ തുടർന്ന് വരികയാണ്. ദീപാവലിയോടനുബന്ധിച്ച് പരമാവധി പരിസ്ഥിതി സൗഹാർദ്ദ ദീപങ്ങൾ തെളിയിച്ച് ഗിന്നസ് ലോകറെക്കോർഡും അയോദ്ധ്യ സ്വന്തമാക്കിയിരിക്കുകയാണ്. ഒൻപത് ലക്ഷത്തോളം ചെരാതുകളാണ് സരയു നദിക്കരയിൽ മാത്രം തെളിച്ചത്. വൻ ജനപങ്കാളിത്തത്തോടെയാണ് ദീപം തെളിയിക്കൽ നടന്നത്. വൈകിട്ട് ആറ് മുതൽ ആറര വരെയുള്ള സമയത്താണ് ദീപങ്ങൾ തെളിച്ചത്. ഇതിന് പിന്നാലെയാണ് ഗിന്നസ് ലോകറെക്കോർഡും സ്വന്തമാക്കിയത്. ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ സർട്ടിഫിക്കറ്റ് ഉത്തർപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ശിശിർ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
ടൂറിസം വകുപ്പ്, ഉത്തർപ്രദേശ് സർക്കാർ, ഡോ.രാം മനോഹർ ലോഹ്യ അവധ് യൂണിവേഴ്സിറ്റി എന്നിവർ സംയുക്തമായാണ് ദീപം തെളിയിക്കാനുള്ള പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം 6 ആറ് ലക്ഷത്തോളം ദീപങ്ങൾ തെളിയിച്ച് അയോദ്ധ്യാ നഗരം റെക്കോർഡ് സ്ഥാപിച്ചിരുന്നു. ആ നേട്ടമാണ് ഇത്തവണ മറികടന്നത്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങുകളിൽ പങ്കെടുക്കാൻ അയോദ്ധ്യയിൽ എത്തിയിരുന്നു. സരയു നദിക്കരയിൽ ഒൻപത് ലക്ഷം ദീപങ്ങൾ തെളിയിച്ചതിന് പുറമെ നഗരത്തിലുടനീളം മൂന്ന് ലക്ഷം ചെരാതുകൾ വേറെയും തെളിയിച്ചിരുന്നു. ദീപാലങ്കാരത്തിന് പുറമെ ലേസർ ഷോയും ഇവിടെ നടത്തി.
Comments