തൃശൂർ: സാമ്പത്തിക പ്രതിസന്ധിയിലും പിണറായി സർക്കാർ ധൂർത്തിലും അഴിമതിയിലും ഒരു നിയന്ത്രണവും വരുത്തുന്നില്ല. പക്ഷെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്‌ക്കുന്ന കാര്യം വരുമ്പോൾ സാമ്പത്തിക പ്രതിസന്ധിയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.
അയൽ സംസ്ഥാനങ്ങളടക്കം നികുതി കുറയ്‌ക്കാൻ തീരുമാനമെടുത്തിട്ടും ധിക്കാരപൂർവ്വമാണ് ധനമന്ത്രി ഒരു പൈസ പോലും കുറയ്‌ക്കില്ലെന്ന് പറഞ്ഞത്. ബാലിശമായ നിലപാടാണ് പിണറായി സർക്കാർ എടുത്തിരിക്കുന്നത്. കൊറോണ ദുരിതകാലത്ത് എല്ലാ സംസ്ഥാനങ്ങൾക്കും സാമ്പത്തിക പ്രതിസന്ധിയുണ്ട്.
ഒരു പെട്രോളും ഡീസലും ലോട്ടറിയും ചാരായവുമൊക്കെ ഇല്ലായിരുന്നെങ്കിൽ ബാലഗോപാൽ ഖജനാവിന്റെ താക്കോൽ പൂട്ടി കാശിക്ക് പോകേണ്ടി വന്നേനെ. പാവപ്പെട്ടവരെക്കൊണ്ട് ലോട്ടറിയെടുപ്പിച്ച്, ആളുകളെ കളള് കുടിപ്പിച്ച്, പെട്രോളും ഡീസലും വിറ്റ് ജീവിച്ചുപോകുന്ന സർക്കാരാണ് കേരളത്തിലേത്. പുതിയ ധനാഗമമാർഗങ്ങളെക്കുറിച്ച് പോലും സർക്കാർ ചിന്തിക്കുന്നില്ലെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും ജനങ്ങൾ ബുദ്ധിമുട്ടരുതെന്ന് കരുതി മനുഷ്യത്വ പരമായ നടപടിയാണ് മോദി സർക്കാർ കൈക്കൊണ്ടിട്ടുളളത്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിന്റെ പേരിൽ കേന്ദ്രവിരുദ്ധ സമരം പ്രഖ്യാപിക്കുകയും കേന്ദ്രസർക്കാരിനെതിരെ വ്യാപക പ്രചാരവേല നടത്തുകയും ചെയ്ത പിണറായി സർക്കാരിന്റെ ആത്മാർത്ഥതയില്ലായ്മയ്‌ക്ക് തെളിവാണിത്. സർക്കാരും ധനമന്ത്രിയും ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു.
കേന്ദ്ര മാതൃകയിൽ സംസ്ഥാനത്ത് ഡീസലിന്റെയും പെട്രോളിന്റെയും വില കുറയ്‌ക്കണമെന്നും. ജനങ്ങളോടുളള വെല്ലുവിളി അവസാനിപ്പിച്ചില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും കെ. സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.
















Comments