ന്യൂഡൽഹി: വാഹനാപകടത്തിൽ പരിക്കേറ്റവരുടെയും ജീവൻ നഷ്ടപ്പെട്ടവരുടെയും കുടുംബങ്ങൾ ഇൻഷുറൻസ് കമ്പനികളിൽ നിന്നും നഷ്ടപരിഹാരം ലഭിക്കുന്നതിന് വർഷങ്ങളോളം കേസുമായി കോടതികൾ കയറിയിറങ്ങാറുണ്ട്. എന്നാൽ ഇപ്പോൾ മോട്ടോർ വാഹനാപകട നഷ്ടപരിഹാര ക്ലെയിമുകൾ മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ കേന്ദ്ര സർക്കാരും ഇൻഷുറൻസ് കമ്പനികളുടെ ഫെഡറേഷനും സമ്മതിച്ചതായി സുപ്രീം കോടതി അറിയിച്ചു. അപകടത്തിന്റെ നഷ്ടപരിഹാരം ലഭിക്കാൻ ഇനി മൂന്ന് മാസത്തെ കാലതാമസം മാത്രമെ ആവശ്യമുള്ളൂ.
മുൻപ് അപകടത്തിനിരയാവരുടെ കുടുംബം കേസുമായി എത്തുമ്പോൾ വിവിധ പ്രായോഗിക പ്രശ്‌നങ്ങൾ മൂലം നഷ്ടപരിഹാരം ലഭിക്കുന്നതിന് കാലതാമസം നേരിട്ടിരുന്നു. നാഷണൽ ജുഡീഷ്യൽ ഗ്രിഡ് സിസ്റ്റത്തിന്റെ കണക്കനുസരിച്ച്, മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണലിൽ(എംഎസിടി) നഷ്ടപരിഹാരം കാത്ത് 7.36 ദശലക്ഷം കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇതിൽ 25 ശതമാനം കേസുകളും മൂന്ന് വർഷത്തിലേറെയായി തീർപ്പാക്കാതെ കിടക്കുന്നവയാണ്. കൂടാതെ 650 കേസുകൾ 20 വർഷത്തിലേറെയായി കെട്ടിക്കിടക്കുകയാണ്.
പുതിയ സംവിധാനത്തിനായുള്ള നിർദ്ദേശങ്ങളുടെ റിപ്പോർട്ട് അഡീഷണൽ സോളിസിറ്റർ ജനറൽ ജയന്ത് സുഡ് ഒക്ടോബർ 26 ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചിന് സമർപ്പിച്ചിരുന്നു. നവംബർ 16ന് അടുത്ത വാദം കേൾക്കുമ്പോൾ കോടതി നിർദ്ദേശം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിർദ്ദേശങ്ങൾ പരിഗണിക്കുന്നതോടെ തീരുമാനം ഉടൻ നടപ്പിലാക്കും. ഇതിനായി ഇൻഷുറൻസ് കമ്പനികളുടെ ഫെഡറേഷൻ ഒരു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുമെന്നും അതിലൂടെ രാജ്യത്തുടനീളമുള്ള അപകടങ്ങളെക്കുറിച്ചുള്ള പോലീസിന്റെ പ്രാഥമിക വിവര റിപ്പോർട്ടും അപകടത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ഫോട്ടോകളും ഉടൻ അപ്ലോഡ് ചെയ്യാൻ സാധിക്കുമെന്നും അഡീഷണൽ സോളിസിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇത് ഇൻഷുറൻസ് കമ്പനികൾക്ക് ഉടനടി നടപടിയെടുക്കാൻ ഉപകരിക്കും.
നഷ്ടപരിഹാര തുക 25 ലക്ഷം രൂപയ്‌ക്ക് താഴെയാണെങ്കിൽ ഫീസ് ഇൻഷുറൻസ് സ്ഥാപനം നൽകണം. തുക 25 ലക്ഷത്തിനു മുകളിലാണെങ്കിൽ നഷ്ടപരിഹാരം സ്വീകരിക്കുന്നയാളും ഇൻഷുറൻസ് സ്ഥാപനവും ചേർന്ന് ഫീസ് നൽകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
















Comments