ന്യൂഡൽഹി : കോടികളുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥിലെത്തിയതിനെ വിമർശിച്ച് ഭാരതീയ കിസാൻ യൂണിയൻ നോതാവ് രാകേഷ് ടികായത്. ക്ഷേത്രം അടയ്‌ക്കുന്ന വേളയിലാണ് പ്രധാനമന്ത്രി കേദാർനാഥിലെത്തിയതെന്ന് ആരോപിച്ചാണ് ടികായതിന്റെ വിമർശനം. ഒരു ഭരണാധികാരി ഒരിക്കലും അടയ്‌ക്കുന്ന വേളയിൽ ക്ഷേത്രം സന്ദർശിക്കരുതെന്ന് ടികായതിന്റെ കണ്ടെത്തൽ.
ഭരണാധികാരി അടയ്‌ക്കുന്ന വേളയിൽ ക്ഷേത്ര ദർശനം നടത്തിയാൽ വൻ ദുരന്തങ്ങളാകും ഫലം. രാജ്യത്ത് കടുത്ത ഭക്ഷ്യക്ഷാമവും, പ്രകൃതി ദുരന്തങ്ങളും ഉണ്ടാകും. ക്ഷേത്രം തുറക്കുന്ന സമയത്ത് വേണം ഭരണാധികാരികൾ ക്ഷേത്രത്തിൽ എത്താനെന്നും ടികായത് വാദിക്കുന്നു.
ഇന്നലെയായിരുന്നു 130 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കേദാർനാഥിൽ എത്തിയത്. ആത്മീയാചാര്യൻ ശ്രീ ശങ്കരാചാര്യരുടെ സമാധിസ്ഥലത്ത് ഒരുക്കിയ പ്രതിമ അദ്ദേഹം നാടിന് സമർപ്പിച്ചിരുന്നു. പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുത്ത പരിപാടിയ്‌ക്ക് വലിയ സ്വീകാര്യതയാണ് ആളുകളിൽ നിന്നും ഉണ്ടായത്. ഇതിനിടയിലാണ് വിചിത്ര കാരണങ്ങൾ നിരത്തി ടികായതിന്റെ വിമർശനം. അതേസമയം ടികായതിന്റെ വാക്കുകൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വാദം ഉയർന്നിട്ടുണ്ട്. തെറ്റായ വിശ്വാസവും ഭീതിയും ആളുകളിലേക്ക് കടത്തിവിടാൻ ഇതിടയാക്കുമെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും രാകേഷ് ടികായത് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ നിയമം പിൻവലിച്ചില്ലെങ്കിൽ സമരം തുടരും. കാർഷിക നിയമങ്ങൾ പ്രാബല്യത്തിലുള്ള കാലത്തോളം കർഷകർക്ക് ഒരു ഗുണവും ലഭിക്കാൻ പോകുന്നില്ലെന്നും ടികായത് ആരോപിച്ചു. ഡൽഹിയിൽ നടക്കാനിരിക്കുന്ന പ്രതിഷേധത്തിനായി ട്രാക്ടറുകളിൽ ഡീസൽ നിറച്ച് തയ്യാറായിരിക്കാനും ടികായത് ആഹ്വാനം ചെയ്തു.
















Comments