ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ കേന്ദ്രസർക്കാർ വരുത്തിയത് നാമമാത്രമായ കുറവാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ഇതുവഴി ജനങ്ങൾക്ക് ആശ്വാസം ലഭിക്കില്ലെന്നും പോളിറ്റ് ബ്യൂറോ ഫേസ്ബുക്ക് പ്രസ്താവനയിൽ വിശദീകരിച്ചു. പാർട്ടി സംസ്ഥാന ഘടകത്തിന്റെ ഫേസ്ബുക്ക് പേജിലും മലയാളത്തിൽ പ്രസ്താവന പങ്കുവെച്ചിട്ടുണ്ട്.
എന്നാൽ കേന്ദ്രം നികുതി കുറച്ചിട്ടും സംസ്ഥാനം നികുതി കുറയ്‌ക്കില്ലെന്ന നിലപാടിനെതിരെയുളള ജനരോഷം കമന്റുകളിൽ നിറയുകയാണ്. പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നതാണ് കമന്റുകളിൽ അധികവും. അന്തം അണികളെ, വെള്ളം തൊടാതെ അറിയിപ്പ് വിഴുങ്ങിക്കോണം. പോളിറ്റ് ബ്യൂറോ ക്യാപ്‌സൂൾ ആണിത്. മനസിലായല്ലോ. ലാൽസലാം എന്നാണ് ഒരു കമന്റ്. കണ്ടാമൃഗം തോറ്റുപോകും അപാര തൊലിക്കട്ടി ആണ്! എന്ന് മറ്റൊരാൾ കുറിച്ചു.
പെട്രോൾ വില കുറഞ്ഞുവെന്ന ദേശാഭിമാനി വാർത്തയും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. 17 രൂപയുടെ കുറവ് വരെ വന്ന സംസ്ഥാനങ്ങൾ ഇന്ത്യയിൽ ഉണ്ടെന്നും ഇലക്ഷൻ ഇല്ലാത്ത കൊണ്ട് ഇവിടെ കുറക്കേണ്ട കാര്യം ഇല്ലെന്നും ചിലർ പറയുന്നു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് എക്‌സൈസ് നികുതിയിൽ കേന്ദ്രം കുറവ് വരുത്തിയത്. യുപിയും കർണാടകയും ബിഹാറും ഒഡീഷയും, ഹിമാചൽപ്രദേശും ഉൾപ്പെടെയുളള സംസ്ഥാനങ്ങൾ ഇതിന് അനുസരിച്ച് സംസ്ഥാന നികുതിയിലും കുറവ് വരുത്തിയിരുന്നു.
എന്നാൽ കേരളത്തിൽ നികുതി കുറയ്‌ക്കാനാകില്ലെന്ന നിലപാടിലാണ് സർക്കാർ. പെട്രോൾ വില കുറയാത്തതിന് കേന്ദ്രത്തെ പഴിചാരിയിരുന്ന സംസ്ഥാന സർക്കാരിന്റെ പൊളളത്തരം ഇതോടെ തുറന്നുകാട്ടപ്പെടുകയും ചെയ്തു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയാണ് നികുതി കുറയ്‌ക്കാനാകില്ലെന്നതിന്റെ കാരണമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ പറയുന്നത്.
വില കുറയ്‌ക്കില്ലെന്ന സംസ്ഥാന സർക്കാർ നിലപാടിനെ പിന്തുണയ്‌ക്കുകയാണ് പാർട്ടി കേരള ഘടകവും ചെയ്തത്. ഇതിന്റെ കാരണങ്ങൾ വിശദീകരിക്കണമെന്ന് മാത്രമായിരുന്നു നിർദ്ദേശം. ഇക്കാര്യത്തിൽ ഉയർന്ന പൊതുവികാരം പാർട്ടി അവഗണിക്കുകയാണെന്ന വിമർശനവും ശക്തമാണ്. പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റത്തിനെതിരായി കേന്ദ്ര കമ്മിറ്റി ആഹ്വാനംചെയ്ത പ്രതിഷേധ പരിപാടി നിശ്ചയിക്കപ്പെട്ടതുപോലെ തുടരുമെന്നും പോളിറ്റ് ബ്യൂറോ വാർത്താക്കുറിപ്പിൽ പറയുന്നു.
















Comments