കൊച്ചി: മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് ആമസോൺ പ്രൈം നൽകിയത് വമ്പൻ തുകയെന്ന് റിപ്പോർട്ട്. 90 മുതൽ 100 കോടി രൂപയ്‌ക്ക് ഇടയിൽ ചിത്രത്തിനായി ആമസോൺ പ്രൈം നൽകിയെന്നാണ് വിവരം. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ രാജ്യത്ത് ഒരു സിനിമയ്‌ക്ക് ഒടിടി പ്ലാറ്റ്‌ഫോം നൽകുന്ന ഏറ്റവും ഉയർന്ന തുകയാണിത്.
ഏകദേശം 90കോടിയോളം മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആമസോൺ നൽകുന്നത് മുതലും കഴിഞ്ഞ ലാഭമാണ്. സാറ്റലൈറ്റ് അവകാശത്തിന് ലഭിക്കുന്ന തുക കൂടിയാകുമ്പോൾ ചിത്രത്തിന്റെ ലാഭം വർദ്ധിക്കും. ഈ തുക നിർമ്മാതാവിനാണ് നൽകുക. കൊറോണ സാഹചര്യത്തിൽ മുടക്കിയ പണം തിരിച്ചു കിട്ടാനായി ഒടിടിയല്ലാതെ മാർഗമില്ലെന്നാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചത്.
ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന അഞ്ച് മോഹൻലാൽ സിനിമകളുടെ അവകാശം ഒടിടിയ്‌ക്ക് നൽകാൻ ധാരണയുണ്ടെങ്കിലും അത് ആമസോൺ പ്രൈമിനല്ല. ബ്രോ ഡാഡിയും ട്വൽത്ത് മാനും ഹോട്ട്‌സ്റ്റാറിലാണ് റിലീസ്. പേരിടാത്ത പുലിമുരുകൻ ടീം ഒന്നിക്കുന്ന മോഹൻലാൽ ചിത്രം ഇതുവരെ കരാർ ഒപ്പുവെച്ചിട്ടില്ല. അതേസമയം എല്ലാത്തിന്റേയും നിർമ്മാണം പൂർത്തിയായി കഴിഞ്ഞു.
അതിനിടെ മരക്കാർ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസിന് എത്തുന്നതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് തീയേറ്റർ ഉടമകൾ. മരക്കാർ റിലീസ് ചെയ്യുന്ന ദിവസം തീയേറ്ററുകളിൽ കരിങ്കൊടി കെട്ടുമെന്ന് ഫിയോക്ക് അറിയിച്ചിട്ടുണ്ട്. എന്നാൽ മോഹൻലാൽ ഫാൻസ് അസോസിയേഷനുകൾ ആന്റണി പെരുമ്പാവൂരിന് പിന്തുണ അറിയിച്ച് എത്തുകയും ചെയ്തിട്ടുണ്ട്.
Comments