ന്യൂഡൽഹി : രാജ്യത്തെ വാക്‌സിനേഷൻ യജ്ഞത്തിൽ നിർണായക ചുവടുവെപ്പുമായി കേന്ദ്രസർക്കാർ. തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ കൊറോണ പ്രതിരോധ വാക്‌സിനായ സൈകോവ്-ഡി ദേശീയ വാക്‌സിനേഷൻ യജ്ഞത്തിൽ ഉൾപ്പെടുത്താനാണ് തീരുമാനം.
ഇതിനായി കേന്ദ്രസർക്കാർ വാക്‌സിൻ നിർമ്മാതാക്കളായ സൈഡസ് കാഡില്ലയ്‌ക്ക് 1 കോടി വാക്‌സിൻ ഡോസുകൾക്കായി ഓർഡർ നൽകിയെന്നാണ് റിപ്പോർട്ടുകൾ.
18 വയസ്സിന് മുകളിൽ ഉളളവർക്കാകും ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകുക. നിലവിൽ വാക്‌സിൻ ഡോസുകൾ നിർമ്മിക്കാനുള്ള കമ്പനിയുടെ സൗകര്യങ്ങൾ പരിമിതമാണ്. ഇതേ തുടർന്നാണ് ആദ്യ ഘട്ടത്തിൽ 18 വയസ്സിന് മുകളിലുള്ള വിഭാഗങ്ങൾക്ക് വാക്‌സിൻ നൽകുന്നത്. ഇതിന് ശേഷമാകും വയോധികർക്കും കുട്ടികൾക്കും വാക്‌സിൻ നൽകുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുക.
വിവിധ ഘട്ട പരീക്ഷണങ്ങൾ ഫലപ്രാപ്തി തെളിഞ്ഞതിന് പിന്നാലെ ആഗസ്റ്റ് 20 ന് സൈകോവ്- ഡി വാക്‌സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകാരം നൽകിയിരുന്നു. ഇതോടെയാണ് ദേശീയ വാക്‌സിനേഷൻ യജ്ഞത്തിൽ സൈകോവ്- ഡിയും ഉൾപ്പെടുത്താനുള്ള തീരുമാനം. ഡോസ് ഒന്നിന് 358 രൂപ നിരക്കിലാണ് കേന്ദ്രസർക്കാർ വാക്‌സിൻ വാങ്ങുന്നത്.
മൂന്ന് ഡോസുള്ള പ്രതിരോധ വാക്‌സിനാണ് സൈകോവ്-ഡി. ആദ്യ ഡോസിന് 28 ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്. വീണ്ടും 28 ദിവസങ്ങൾക്ക് ശേഷം മൂന്നാമത്തെ ഡോസ് സ്വീകരിക്കാം. നിലവിൽ അഞ്ച് വാക്‌സിനുകളാണ് ദേശീയ വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി രാജ്യത്തെ ആളുകൾക്ക് നൽകുന്നത്.
















Comments