ലോക കുറ്റാന്വേഷണ ചരിത്രത്തിലെ പൂർത്തിയാകാത്ത അദ്ധ്യായമാണ് സുകുമാര കുറുപ്പിന്റേത്. പിടികിട്ടാപുള്ളികളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തുള്ള സുകുമാരക്കുറുപ്പിനായി കേരള പോലീസ് ഇന്നും കാത്തിരിക്കുന്നു. മലയാളികൾക്ക് മറക്കാനാകാത്ത സുകുമാര കുറുപ്പെന്ന കൊടും കുറ്റവാളിയുടെ ജീവിതം പ്രമേയമാക്കി ചിത്രീകരിച്ച കുറുപ്പ് എന്ന സിനിമ ഈ മാസം 12ന് റിലീസിന് ഒരുങ്ങുകയാണ്. ഇതിന് പിന്നാലെയാണ് സുകുമാരക്കുറുപ്പ് എന്ന പേര് വീണ്ടും ചർച്ചാ വിഷയമാകുന്നത്. അറിയാം സുകുമാരക്കുറുപ്പിന്റെ കഥ
1984 ജനുവരി 22ന് കേരളം ഉണരുന്നത് ദുരൂഹമായൊരു മരണ വാർത്ത കേട്ടായിരുന്നു. മാവേലിക്കരയിൽ കത്തിക്കരിഞ്ഞൊരു കാറും കാറിനുള്ളിൽ നിന്ന് ഒരു ജഡവും കിട്ടി എന്നതായിരുന്നു വാർത്ത. മരിച്ചത് ചെങ്ങന്നൂർ സ്വദേശിയായ സുകുമാരക്കുറുപ്പും.. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ അപകട മരണമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ പോലീസിന്റെ പ്രാഥമിക പരിശോധനകളിൽ തന്നെ മരണത്തിൽ പല സംശയങ്ങളും ഉയർന്നു.
കത്തിയ കാറിനടുത്ത് നിന്ന് ഒരു ഹാൻഡ് ഗ്ലൗസും തീപ്പെട്ടിയും കാൽപാടുകളും കണ്ടെത്തിയിരുന്നു. ഇതാണ് അന്വേഷണത്തിന്റെ ഗതി മാറ്റിയത്. അപകടമരണമല്ല കൊലപാതകമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് തെളിയിക്കാൻ ആ ഗ്ലൗസ് മാത്രം മതിയായിരുന്നു. മാവേലിക്കര പോലീസിനായിരുന്നു അന്വേഷണ ചുമതല. അധികം വൈകാതെ തന്നെ പോലീസ് ഒരു നിഗമനത്തിലുമെത്തി.. കൊല്ലപ്പെട്ടത് സുകുമാര കുറുപ്പ് അല്ല.
ജനങ്ങൾക്ക് താത്പര്യമുള്ള വിഷയമായതുകൊണ്ട് തന്നെ ഇക്കാര്യം വളരെ വേഗം തന്നെ എല്ലാ കോണുകളിലേക്കും എത്തി… പിന്നീട് ഉയർന്നത് ഒരുപാട് ചോദ്യങ്ങളായിരുന്നു.. സുകുമാരക്കുറുപ്പ് അല്ലാതെ പിന്നെ ആരാണ് കൊല്ലപ്പെട്ടത്? ആരാണ് ഇയാളെ കൊന്നത്? യഥാർത്ഥ സുകുമാരക്കുറുപ്പ് എവിടെപ്പോയി? എന്നിങ്ങനെ നീളുന്നു ചോദ്യങ്ങൾ. യഥാർത്ഥത്തിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരന്റേതായിരുന്നു. കൊന്നത് മറ്റാരുമല്ല സുകുമാരക്കുറുപ്പ് തന്നെ…
സുകുമാര കുറുപ്പും അളിയനും ഡ്രൈവറും ചേർന്നാണ് ചാക്കോയെ കൊല്ലുന്നത്. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി എട്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. വ്യജ പാസ്പോർട്ടുണ്ടാക്കി ഗൾഫിലേക്ക് കടന്നതോടെയാണ് യഥാർത്ഥ ജീവിതത്തിലെ ഗോപാലകൃഷ്ണക്കുറുപ്പ് സുകുമാരക്കുറുപ്പായി മാറുന്നത്. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ തന്നോട് സാദൃശ്യമുള്ള ഒരാളെ മൃഗീയമായി കൊലപ്പെടുത്തിയ കുറുപ്പിനെ ക്രൂരനായ കൊലപാതകി എന്നാണ് കേസ് അന്വേഷിച്ച മുൻ എസ്.പി ജോർജ്ജ് ജോസഫ് വിശേഷിപ്പിക്കുന്നത്.
ആലപ്പുഴയ്‌ക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞാണ് സുകുമാരക്കുറുപ്പ് കാറിൽ കയറ്റിയത്. യാത്രാമധ്യേ ഈഥർ കലക്കിയ മദ്യം നൽകുകയും ശേഷം കഴുത്തിൽ തുണിമുറുക്കി കൊല്ലുകയുമായിരുന്നു. പിന്നീട് വീട്ടിലെത്തിച്ച് ചാക്കോയുടെ മൃതദേഹം അവിടെ ഒരു മുറിയിലേക്ക് മാറ്റി. സുകുമാരക്കുറുപ്പിന്റെ ഷർട്ടും ലുങ്കിയും ആ ശരീരത്തിൽ ധരിപ്പിച്ചു, മുഖം വികൃതമാക്കി. തുടർന്ന് മൃതദേഹം കുറുപ്പിന്റെ കാറിന്റെ ഡിക്കിയിലാക്കി യാത്രയാരംഭിച്ചു. കൊല്ലകടവിൽ എത്തിയപ്പോൾ അവർ ചാക്കോയുടെ ശരീരം എടുത്ത് കെ എൽ വൈ 7831 എന്ന കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയ ശേഷം സമീപത്തെ നെൽവയലിലേക്ക് തള്ളിവിട്ടു. പെട്രോളൊഴിച്ച് കാറിന് തീയിടുകയും ചെയ്തു.
ഇതിനിടെ കുറുപ്പിനും കൂട്ടാളികൾക്കും പൊള്ളലേറ്റിരുന്നു. ഈ സമയത്ത് താഴെ വീണ ഗ്ലൗസ് എടുക്കാൻ വിട്ടു പോയി. സുകുമാരക്കുറുപ്പിന്റെ കാറിലാണ് പ്രതികൾ കൃത്യം നടത്തിയ ശേഷം രക്ഷപെട്ടത്. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. കേസ് അന്വേഷിച്ച പേലീസ് കാറിന്റ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എത്തിച്ചേർന്നത് കുറുപ്പിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവ് ഭാസ്‌കരപിള്ളയുടെ വീട്ടിലായിരുന്നു. കുറുപ്പാണ് തന്റെ കാറുമായി പോയതെന്ന് അദ്ദേഹം മൊഴി നൽകുകയും ചെയ്തു. ഇയാൾടെ കയ്യിലെ പൊള്ളലേറ്റ പാടുണ്ടായിരുന്നു. ഇതിൽ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തതിലൂടെ ഭാസ്‌കര പിള്ള കുറ്റം സമ്മതിക്കുകയും ചെയ്തു.
സുകുമാരക്കുറുപ്പും ഭാസ്‌കരപിള്ളയും ഡ്രൈവർ പൊന്നപ്പനും ചേർന്നാണ് ചാക്കോയെ കൊലപ്പെടുത്തി കത്തിക്കാൻ ആസൂത്രണമൊരുക്കിയത്. സുകുമാരക്കുറുപ്പ് ഒഴിച്ച് ബാക്കി എല്ലാവരേയും പോലീസിന് അറസ്റ്റ് ചെയ്യാനും സാധിച്ചു. സുകുമാരക്കുറുപ്പ് ഇല്ലാതെ തന്നെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഒന്നാം പ്രതി ഭാസ്‌കര പിള്ള, രണ്ടാം പ്രതി ഡ്രൈവർ. സുകുമാരക്കുറപ്പിന്റെ ഭാര്യയേയും അവരുടെ സഹോദരിയേയും മൂന്നും നാലും പ്രതികളാക്കി. ഒന്നും രണ്ടും പ്രതികളെ കോടതി ശിക്ഷിച്ചു. ഭാര്യയേയും സഹോദരിയേയും കോടതി വെറുതെ വിട്ടു.
ഈ സംഭവമൊക്കെ നടക്കുമ്പോഴും സുകുമാരക്കുറുപ്പ് ഒളിവിലാണ്. പലയിടത്തും വെച്ച് സുകുമാരക്കുറുപ്പിനെ കണ്ടവരുണ്ട്. ഇതാണ് ഇയാൾ ജീവിച്ചിരിപ്പുണ്ട് എന്ന വാദങ്ങൾ സാധൂകരിക്കുന്നത്. കാലങ്ങൾ കടന്നു പോയി… ശിക്ഷിക്കപ്പെട്ട പ്രതികളുടെ ശിക്ഷാ കാലാവധി അവസാനിച്ചു. ഇപ്പോഴും സുകുമാരക്കുറുപ്പ് എവിടെയാണെന്നത് ആർക്കും അറിയില്ല.. ജീവിച്ചിരിപ്പുണ്ടെന്നും മരിച്ചെന്നും പ്രചാരണങ്ങളുണ്ട്. ഇന്നും ചുരുളഴിയാക്കഥയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ കഥ ജനമനസുകളിൽ മായാതെ നിൽക്കുന്നു…..















Comments