കൊച്ചി: മാദ്ധ്യമങ്ങളിൽ നിന്നും ഒളിച്ചോടില്ലെന്ന് സ്വർണ്ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ്. എല്ലാ സംശയങ്ങൾക്കും മറുപടിയുണ്ടാകും. അമ്മയുമൊത്ത് തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുമെന്ന് സ്വപ്‌ന പറഞ്ഞു. കേസിന്റെ കാര്യങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. കേസിനെ കുറിച്ച് പ്രതികരിക്കാൻ മാനസികമായി തയ്യാറെടുക്കുകയാണ്. തിടുക്കപ്പെട്ട് പ്രതികരിക്കാനില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്‌ച്ചയാണ് നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ജയിൽ മോചിതയാകുന്നത്. സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എൻഐഎ കേസിൽ സ്വപ്‌നയ്‌ക്ക് ജാമ്യം ലഭിച്ചത്.
2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിൽ നിന്ന് 14.82 കോടി രൂപ വിലവരുന്ന സ്വർണ്ണം എയർപോർട്ട് കസ്റ്റംസ് പിടിച്ചെടുത്തത്. കസ്റ്റംസിന് പുറമെ ഇഡിയും എൻഐഎയും കേസെടുത്തിരുന്നു. എൻഐഎ ഉൾപ്പെടെയുള്ള കേസിൽ സ്വപ്നയും സരിത്തും നൽകിയ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ യു.എ.പി.എ നിലനിൽക്കില്ലെന്നും തങ്ങൾക്കെതിരെ യു. എ.പി.എ ചുമത്തുവാൻ തക്ക തെളിവുകൾ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ലെന്നുമാണ് സ്വപ്നയും, സരിത്തുമടക്കമുള്ള പ്രതികളുടെ വാദം. പ്രതികൾക്കെതിരായി കൃത്യമായ തെളിവുകളുണ്ടെന്ന് എൻ.ഐ.എയും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രതികളുടെ വാദം അംഗീകരിച്ചുകൊണ്ട് കോടതി സ്വപ്നയുൾപ്പെടെയുള്ളവർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
Comments