ലക്‌നൗ : കേന്ദ്രസർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതി അടുത്ത വർഷം ഹോളി വരെ സംസ്ഥാനത്ത് തുടരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദീപാവലി വരെ കേന്ദ്ര സർക്കാർ സൗജന്യ റേഷൻ നൽകിയിട്ടുണ്ടെന്നും ഉത്തർപ്രദേശ് സർക്കാർ അടുത്ത ഹോളി വരെ പദ്ധതി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാർ 86 ലക്ഷത്തോളം കർഷകരുടെ 36,000 കോടി രൂപയുടെ വായ്പ എഴുതി തള്ളിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്തർപ്രദേശിലെ ബദൗണിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കേന്ദ്രസർക്കാറിന്റെ നേതൃത്വത്തിൽ നടന്ന കൊറോണ പ്രതിരോധത്തെ യോഗി ആദിത്യനാഥ് പ്രശംസിച്ചു. സൗജന്യറേഷനും സൗജന്യവാക്‌സിനും നൽകി കേന്ദ്രം ജനങ്ങൾക്ക് ഒപ്പം നിന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 13.5 കോടിയിലധികം ആളുകൾക്ക് വാക്‌സിൻ കൊടുക്കാൻ സാധിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണയ്‌ക്കെതിരെ രാജ്യം പോരാടുമ്പോൾ പ്രതിപക്ഷം ട്വിറ്ററിലായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് അവർക്ക് ട്വിറ്ററിൽ മാത്രമേ ഉത്തരം നൽകു എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 1.5 ലക്ഷം പോലീസ് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്തു. ഇതിൽ 20 ശതമാനം ആളുകൾക്കും സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള ചുമതലകളാണ് നൽകിയിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതി പ്രകാരം ഒരു കുടുംബത്തിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് 35 കിലോ ഭക്ഷ്യധാന്യങ്ങൾ, 1 കിലോ പയർവർഗങ്ങൾ, 1 കിലോ പാചക എണ്ണ, 1 കിലോ പഞ്ചസാര, ഒരു കിലോ ഉപ്പ് എന്നിയാണ് നൽകുന്നത്.
Comments