കൊച്ചി: സാമ്പത്തിക-പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കിലിനെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഐ.ജി ലക്ഷ്മണിന് സസ്‌പെൻഷൻ ഇന്നുണ്ടായേക്കും. ക്രൈംബ്രാഞ്ച് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചതായാണ് വിവരം. ഐജിക്കെതിരെ നടപടി വേണമെന്ന് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തിരുന്നു.
ലക്ഷ്മണിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചതായാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. മോൻസന്റെ പേരിൽ രജിസ്റ്റർ ചെയ്ത പുരാവസ്തു തട്ടിപ്പുകേസിൽ ഐജിക്കെതിരെ മൊഴി ലഭിച്ചിരുന്നു. തട്ടിപ്പിൽ ഐ.ജി ലക്ഷ്മൺ ഇടനിലക്കാരനായെന്നാണ് മൊഴി. സ്റ്റാഫിലുള്ള മറ്റ് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും തട്ടിപ്പിനായി ഉപയോഗിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.
പുരാവസ്തു ഇടപാട് നടത്തുന്നതിനായി ആന്ധ്രാപ്രദേശ് സ്വദേശിനിയെ മോൻസന് പരിചയപ്പെടുത്തി നൽകിയത് ഐജിയാണെന്നാണ് വിവരം. മോൻസന്റെ പക്കലുണ്ടായിരുന്ന പുരാവസ്തുക്കളുടെയും അപൂർവ വസ്തുക്കളുടെയും ശേഖരം ഇടനിലക്കാരി മുഖേന വിൽപന നടത്താൻ ശ്രമിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനായി നടത്തിയ വാട്‌സാപ് ചാറ്റ് വിവരങ്ങളാണ് പ്രധാന തെളിവ്. ഐ.ജി ലക്ഷ്മണിന്റെ സാന്നിദ്ധ്യത്തിൽ ഇടനിലക്കാരിയും മോൻസനും പോലീസ് ക്ലബ്ബിൽ കൂടിക്കാഴ്ച നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. ഐ.ജി ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു മോൻസന്റെ വീട്ടിൽ നിന്ന് പോലീസ് ക്ലബ്ബിലേക്ക് പുരാവസ്തുക്കൾ എത്തിച്ചത്.
നിലവിൽ ട്രാഫിക് ചുമതലയുള്ളയാളാണ് ഐ.ജി ലക്ഷ്മൺ. കഴിഞ്ഞ മാസം ഡിജിപി അനിൽ കാന്തും ഐ.ജി ലക്ഷ്മണിനെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
















Comments