ചെന്നൈ : തമിഴ്‌നാട്ടിൽ അതിശക്തമായ മഴ തുടരുന്നു.ചെന്നൈയിൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് എട്ട് വിമാനങ്ങൾ റദ്ദാക്കി.ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട നാല് വിമാനങ്ങളും ചെന്നൈയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങളുമാണ് റദ്ദാക്കിയത്.കനത്തമഴയും ദൂരക്കാഴ്ചയ്‌ക്ക് മങ്ങലേറ്റതുമാണ് റദ്ദാക്കാനുളള കാരണം.
ഇന്ന് വൈകുന്നേരം സർവീസ് നടത്തേണ്ടിയിരുന്ന ഇൻഡിഗോയുടെ ചെന്നൈ മധുര, ചെന്നൈ തിരുച്ചിറപ്പള്ളി വിമാനങ്ങൾ റദ്ദാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു. ഈ വിമാനങ്ങളുടെ തിരിച്ചുള്ള സർവീസും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് രാത്രി പുറപ്പെടേണ്ടിയിരുന്ന ചെന്നൈ മുംബൈ ഇൻഡിഗോ വിമാനവും നാളെ രാവിലത്തെ മുംബൈ ചെന്നൈ വിമാനവും റദ്ദാക്കിയിട്ടുണ്ട്. ഷാർജ – ചെന്നൈ എയർ അറേബ്യ വിമാനത്തിന്റെ വരവും പോക്കും റദ്ദാക്കിയിട്ടുണ്ട്. കാലാവസ്ഥ മെച്ചപ്പെട്ടില്ലെങ്കിൽ കൂടുതൽ വിമാനങ്ങൾ റദ്ദാക്കിയേക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ കനത്തമഴ തുടരുകയാണ്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ മരണം പന്ത്രണ്ടായി. .ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചതാണ് മഴയ്‌ക്ക് കാരണം. ന്യൂനമർദം വടക്കു പടിഞ്ഞാറൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും പുതുച്ചേരിയിലും കാരക്കലിലും ശക്തമായ മഴ ഉണ്ടാവുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments