തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വീഴ്‌ച്ചകൾ എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോർട്ട്. സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനമാണ് റിപ്പോർട്ടിലുള്ളത്. സിഎജിയുടെ രണ്ട് റിപ്പോർട്ടുകളാണ് ഇന്ന് നിയമസഭയിൽ നൽകിയത്. ഇതിൽ പ്രളയമുന്നൊരുക്കവും പ്രതിരോധവും എന്ന റിപ്പോർട്ടിലാണ് സർക്കാരിന്റെ വീഴ്‌ച്ചകൾ എണ്ണിപ്പറയുന്നത്. ദേശീയ ജലനയം അനുസരിച്ച് സംസ്ഥാനം ജലനയം പുതുക്കിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
പ്രളയ മുന്നൊരുക്കത്തിലും നിയന്ത്രണങ്ങളിലും സർക്കാരിന് വീഴ്‌ച്ച സംഭവിച്ചു. മഹാപ്രളയ കാലത്ത് പല ഡാമിനും റൂൾ കർവ്വ് ഇല്ലായിരുന്നു. കെഎസ്ഇബി അണക്കെട്ടുകളിൽ 2011നും 2019നും ഇടയിൽ ജലസംഭരണ ശേഷി സർവ്വേ നടത്തിയിട്ടില്ല. 2018ലെ പ്രളയത്തിന് ശേഷവും സംസ്ഥാനം അതേ നിലപാട് തുടർന്നു. പ്രളയ നിയന്ത്രണത്തിനും പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകൾ ഇപ്പോഴും സംസ്ഥാന ജലനയത്തിലില്ലെന്നും നിയമസഭയിൽവെച്ച റിപ്പോർട്ടിൽ വിമർശിക്കുന്നു.
എണ്ണൂറോളം പേരെ പങ്കെടുപ്പിച്ച് നടത്തിയ സർവ്വേയുടെ ഫലം അനുസരിച്ച് ഇതിൽ 75 ശതമാനം പേർക്കും പ്രളയം സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചിട്ടില്ല. കൂടാതെ വീടുകൾ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് 73 ശതമാനം പേർ അറിഞ്ഞിരുന്നില്ല. 32 റെയിൽ ഗേജുകൾ വേണ്ട സംസ്ഥാനത്ത് നിലവിൽ ആറെണ്ണം മാത്രമാണ് ഉള്ളത്. വലിയ സ്‌കെയിലിലുള്ള ഫ്‌ളഡ് ഹസാർഡ് മാപ്പ് സംസ്ഥാനത്ത് ലഭ്യമല്ല. കൊച്ചി വിമാനത്താവളത്തേയും റിപ്പോർട്ടിൽ വിമർശിച്ചു. കമ്മീഷൻ ചെയ്ത് 20 വർഷം കഴിഞ്ഞിട്ടും പ്രളയ ജലം ഒഴുക്കിവിടാൻ സംവിധാനമില്ല.
മഴയുടെ തത്സമയ മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാർ വലിയ പരാജയമാണ്. അഞ്ച് വർഷം പിന്നിട്ടിട്ടും സർക്കാരിന് ഇവപുതുക്കാനായില്ല. അണക്കെട്ടിന്റെ പ്രവർത്തന രീതിയിലും വലിയ വീഴ്‌ച്ചയാണ് സംസ്ഥാന സർക്കാർ വരുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രവർത്തന മാർഗരേഖ അനുസരിച്ച് അഞ്ച് വർഷത്തിൽ ഒരിക്കലെങ്കിലും അണക്കെട്ടുകളുടെ സംഭരണ ശേഷി അനുസരിച്ച് സർവ്വേ നടത്തേണ്ടതുണ്ട്. സംസ്ഥാന സർക്കാർ ഇത്തരം സർവ്വേ നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ വിമർശിക്കുന്നു.
















Comments