തൃശ്ശൂർ : എസ്ഡിപിഐ പ്രവർത്തകർ അതിക്രൂരമായി കൊലപ്പെടുത്തിയ ബിജെപി പ്രവർത്തകൻ ബിജുവിന്റെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ചാവക്കാട്ടെ വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കേന്ദ്രമന്ത്രിയായതിന് ശേഷം ആദ്യമായി കേരളത്തിൽ എത്തിയതായിരുന്നു അദ്ദേഹം.
ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ അദ്ദേഹം പോലീസുകാരോട് ചോദിച്ചറിഞ്ഞു. കേരളത്തിൽ വർദ്ധിച്ചുവരുന്ന കൊലപാതകങ്ങളിൽ അദ്ദേഹം മാദ്ധ്യമങ്ങളോട് ആശങ്കരേഖപ്പെടുത്തി. വികസനമെത്തിക്കുന്നതിനും, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള കൂടിയാലോചനകൾക്ക് വേണ്ടിയായിരുന്നു താൻ കേരളത്തിൽ എത്തിയത്. എന്നാൽ ഇവിടെ വന്നപ്പോൾ കൊലപാതങ്ങളെക്കുറിച്ചും, അക്രമങ്ങളെക്കുറിച്ചുമാണ് കേൾക്കാൻ കഴിയുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം.
ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.കെ.കെ അനീഷ് കുമാർ, ബി.ജെ.പി വാക്താവ് സന്ദീപ് വാര്യർ, ജില്ലാ ജനറൽ സെക്രട്ടറി, കെ.ആർ ഹരി, ജില്ലാ ട്രഷറർ സുജയ് സേനൻ ,നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.
ഒക്ടോബർ 31 ന് രാത്രിയായിരുന്നു ബിജുവിനെ എസ്ഡിപിഐ ഗുണ്ടകൾ കുത്തിക്കൊലപ്പെടുത്തിയത്. ബൈക്കിൽ എത്തിയ മൂന്നംഗ സംഘം ബിജുവിനെ കുത്തി വീഴ്‌ത്തുകയായിരുന്നു. സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Comments