ടിഎൽപി പ്രതിഷേധത്തിന് മുന്നിൽ മുട്ടുകുത്തി പാകിസ്താൻ; ഇസ്ലാമിക നേതാവ് സാദ് റിസ്വിയെ കൊടുംഭീകര പട്ടികയിൽ നിന്നും ഒഴിവാക്കി; ഉടൻ മോചിപ്പിക്കും

Published by
Janam Web Desk

ഇസ്ലാമാബാദ് : തീവ്ര ഇസ്ലാമിക സംഘടനയായ തെഹരീക് ഇ ലബ്ബൈക്കിന്റെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുകുത്തി പാകിസ്താൻ. ഇസ്ലാമിക സംഘടനാ നേതാവ് സാദ് ഹുസ്സൈൻ റിസ്വിയെ കൊടും ഭീകരരുടെ പട്ടികയിൽ നിന്നും ഒഴിവാക്കി. ടിഎൽപിയിലെ മതമൗലികവാദികളുടെ പ്രതിഷേധം അവസാനിപ്പിക്കാൻ വേണ്ടിയാണ് സാദ് റിസ്വിയെ ഭീകരരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

സാദ് റിസ്വിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഒക്ടോബറിലാണ് ടിഎൽപി പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചത്. പോസ്റ്ററുകളും ബാനറുകളും ഒട്ടിച്ച് റോഡ് ഉപരോധിച്ചുകൊണ്ട് ആരംഭിച്ച പ്രതിഷേധം വെടിവെപ്പിലേക്കും കൊലപാതകത്തിലേക്കും കടക്കുകയായിരുന്നു. സാദ് റിസ്വിയെ ജയിൽ മോചിതനാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. മുഹമ്മദ് നബിയുടെ കാർട്ടൂൺ ചിത്രം വരച്ച സംഭവത്തിൽ പാകിസ്താനിലെ ഫ്രഞ്ച് അംബാസിഡറെ നാട് കടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

പാക് ഭരണകൂടത്തിനെതിരെ ടിഎൽപി നടത്തിയ പ്രതിഷേധത്തിൽ ഏഴോളം പോലീസ് ഉദ്യോഗസ്ഥരും നിരവധി പ്രവർത്തകരും കൊല്ലപ്പെട്ടിരുന്നു. ആയിരത്തോളം ആളുകൾക്കാണ് പരിക്കേറ്റത്. ഇതിന് പിന്നാലെയാണ് സാദ് റിസ്വിയെ തടവിൽ നിന്നും മോചിപ്പിക്കുന്നതിനായി ഭീകര പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. റിസ്വിയോടൊപ്പം 2000 ടിഎൽപി പ്രവർത്തകരേയും മോചിപ്പിക്കാമെന്ന് ഇമ്രാൻ ഖാൻ ഉറപ്പ് നൽകി.

ഇതോടെ പ്രതിഷേധം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ടിഎൽപി. ഭരണകൂടത്തിനെതിരെ പ്രതിഷേധം നടത്തില്ലെന്നും ഫ്രഞ്ച് അംബാസിഡറെ പുറത്താക്കേണ്ട ആവശ്യമില്ലെന്നും ടിഎൽപി അറിയിച്ചു.

Share
Leave a Comment