ഓൺലൈൻ കണ്ടന്റ് പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ പോൺ സൈറ്റുകളും പാലിക്കേണ്ടതാണെന്ന് വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ. പോൺഹബ്ബ്, സ്ട്രിപ്ചാറ്റ്, എക്സ് വീഡിയോസ് എന്നീ അശ്ലീല സൈറ്റുകൾക്കാണ് യൂറോപ്യൻ യൂണിയൻ കമ്മീഷന്റെ മുന്നറിയിപ്പ്.
ഇന്റർനെറ്റ് മുഖേന അശ്ലീല കണ്ടന്റുകൾ നൽകുന്ന ഇത്തരം വെബ്സൈറ്റുകൾ നിർബന്ധമായും കമ്മീഷന് മുൻപാകെ ‘റിസ്ക് അസസ്മെന്റ് റിപ്പോർട്ട്’ സമർപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. കൂടാതെ വെബ്സൈറ്റുകൾ മുഖേന നൽകുന്ന കണ്ടന്റുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട അപകടസാധ്യതകൾ (systemic risks) വ്യക്തമാക്കണമെന്നും അശ്ലീല സൈറ്റുകൾക്ക് നിർദേശമുണ്ട്.
യൂറോപ്യൻ യൂണിയൻ നിഷ്കർഷിക്കുന്ന ഡിജിറ്റൽ സർവീസ് ആക്ട് (DSA) പ്രകാരം പ്രവർത്തിക്കാൻ അശ്ലീല സൈറ്റുകൾ ബാധ്യസ്ഥരാണ്. ഡിഎസ്എ പ്രകാരമുള്ള നിയമാവലികൾ പാലിക്കുന്നതിൽ പിഴവ് സംഭവിച്ചാൽ വാർഷിക വരുമാനത്തിന്റെ ആറ് ശതമാനം പിഴയായി നൽകേണ്ടി വരും.















