കോട്ടയം: കോട്ടയത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വായിൽ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് പിടികൂടി. പൂവന്തുരുത്ത് സ്വദേശിയായ 24കാരൻ ജിതിൻ സുരേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്‌ച്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.
ജിതിനും മാടമ്പുകാട് സ്വദേശിയായ 19കാരിയും പ്രണയത്തിലായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ തെറ്റിപ്പിരിയുകയും ചെയ്തു. ഇതിന്റെ പ്രതികാരത്തെ തുടർന്ന് വ്യാഴാഴ്‌ച്ച വൈകിട്ട് മൂന്നരയോടുകൂടിയാണ് പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോകുന്നത്. പൂവന്തുരുത്തിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിറങ്ങിയ പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി യുവാവ് ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. നാട്ടകം ബൈപ്പാസ് ഭാഗത്ത് വണ്ടി നിർത്തി പുറത്തിറങ്ങിയ ശേഷം യുവാവ് പെൺകുട്ടിയെ മർദ്ദിച്ചു.
യുവതി ബഹളം വെച്ചതോടെ പ്രതി നാട്ടകത്ത് നിന്നും യുവതിയെ മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി വായിൽ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ വായ ബലമായി തുറപ്പിച്ച ശേഷമാണ് പെട്രോൾ ഒഴിക്കാൻ ശ്രമിച്ചത്. യുവതി കുപ്പി തട്ടിക്കളഞ്ഞ് രക്ഷപെടുകയും കാര്യം വീട്ടിൽ അറിയിക്കുകയും ചെയ്തു. ഇതോടെ കുടുംബം പരാതി നൽകുകയും ചെയ്തു. വൈദ്യ പരിശോധനയ്‌ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
Comments