പാലക്കാട്: ആഗ്രഹാര വീഥികൾ ഭക്തിസാന്ദ്രമാക്കി കൽപ്പാത്തി രഥോത്സവ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ശ്രീ വിശാലാക്ഷിസമേത ശ്രീ വിശ്വനാഥ സ്വാമിയുടെ തിരുക്കല്യാണത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കർശനമായ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.
കൊറോണ മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി രഥോത്സവം ചടങ്ങുകളിൽ മാത്രമായി ഒതുങ്ങി നിന്നിരുന്നു. ക്ഷേത്രത്തിനുള്ളിൽ തന്നെയാണ് രണ്ട് വർഷമായി ചടങ്ങുകൾ നടത്തിയിരുന്നത്. എന്നാൽ ഈ വർഷം വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ കർശനമായ മാനദണ്ഡങ്ങൾ പാലിച്ച് രഥോത്സവം ആഘോഷിക്കുകയാണ് കൽപ്പാത്തി നിവാസികൾ.
എല്ലാ വർഷവും മൂന്ന് രഥങ്ങളാണ് ഉത്സവത്തിൽ പങ്കെടുക്കാറുണ്ടായിരുന്നത്. ശ്രീ വിശാലാക്ഷിസമേത ശ്രീ വിശ്വനാഥ സ്വാമിയുടെ രഥം തന്നെയായിരുന്നു ഉത്സവത്തിന്റെ പ്രധാന ആകർഷണം. എന്നാൽ ഇക്കുറി ചെറു രഥങ്ങൾക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. ചെറു .പല്ലക്കുകളെ രഥമാക്കി മാറ്റിക്കൊണ്ടാണ് ചടങ്ങുകൾ നടത്തുന്നത്.
പ്രധാന ചടങ്ങായ രഥ ആരോഹണത്തിന് അഗ്രഹാര നിവാസികൾ മാത്രമാണ് പങ്കെടുത്ത്. പ്രദേശവാസികൾ വൻ ആവേശത്തോടെയാണ് ചടങ്ങുകൾ വരവേറ്റത്. കൊറോണ വ്യാപനം കണക്കിലെടുത്ത് ഉത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ ഭക്തർക്കും കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ്, രണ്ട് ഡോസ് വാക്‌സിൻ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്.
രഥോത്സവത്തിന് പുറമെ നിന്നുള്ള ആളുകൾക്ക് പ്രവേശനാനുമതി ഇല്ലാത്തതുകൊണ്ട് തന്നെ കൽപ്പാത്തിയുടെ പ്രവേശന കവാടങ്ങളായ ചാത്തപ്പുരം, മിനി ചാത്തപ്പുരം. ശേഖരീപുരം ജങ്ഷൻ, ഗോവിന്ദരാജപുരം ജങ്ഷൻ തുടങ്ങി റോഡുകൾ അടച്ചിട്ടുണ്ട്.
















Comments