ലക്‌നൗ: ബുപദ്ധപ്രതിമ തകർത്ത താലിബാന്റെ ക്രൂരതയ്‌ക്കെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുദ്ധ പ്രതിമ തകർത്ത താലിബാനെ ദൈവം ശിക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധൻ എപ്പോഴും മാനവികതയുടെ പ്രചോദനവും ഭക്തിയുടെ കേന്ദ്രവുമാണ്. 20 വർഷം മുൻപാണ് അഫ്ഗാനിസ്ഥാനിലെ ബാമിയാനിൽ ഗൗതം ബുദ്ധന്റെ പ്രതിമ താലിബാൻ തകർത്തത്.2,500 വർഷം പഴക്കമുള്ള പ്രതിമയാണ്.
സമാധാനത്തിനും സൗഹാർദത്തിനും എപ്പോഴും പിന്തുണ നൽകുന്ന ഒരോ ഭാരതീയനും ബുദ്ധപ്രതിമ തകർത്തത് മറക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിമ തകർത്തതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം അമേരിക്ക താലിബാന് നേരെ ബോംബ് വർഷിച്ചു. ചെയ്ത ക്രൂരതയ്‌ക്ക് ദൈവം കൊടുത്ത ശിക്ഷയാണത്. ലക്‌നൗവിൽ സമാജിക് പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൗര്യ ചക്രവർത്തിയായ ചന്ദ്രഗുപ്ത മൗര്യനെ ചരിത്രം മഹാനെന്ന് വിളിച്ചില്ല. പകരം അദ്ദേഹത്തെ ഇല്ലായ്മ ചെയ്ത അലക്‌സാണ്ടറെ ലോകം വാഴ്‌ത്തുന്നു.രാഷ്‌ട്രം വഞ്ചിക്കപ്പെട്ടു. എന്നാൽ ചരിത്രകാരന്മാർ മൗനം പാലിക്കുന്നു. കാരണം സത്യം തെളിഞ്ഞാൽ സമൂഹം ഇന്ത്യയെ ആദരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരൊറ്റ ഭാരതം ശ്രേഷ്ഠ ഭാരതം എന്ന് നമ്മൾ പറയുമ്പോൾ ഈ പ്രശ്‌നങ്ങൾ കൂടി ഓർക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ മികച്ചതാക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments