ലിസ്ബൺ:ഓഫീസ് ജോലി കഴിഞ്ഞും ജോലി വീട്ടിലിരുന്നും ചെയ്യാൻ നിർദ്ദേശിക്കുന്ന തൊഴിലുടമകളുണ്ട്.ഫോൺ ചെയ്തും മെസേജ് ചെയ്തുമെല്ലാം തൊഴിലുടമകൾ ജീവനക്കാർക്ക് അധികസമയം ജോലി ചെയ്യാൻ നിർദ്ദേശിക്കുന്നു. വർക്ക് ഫ്രം ഹോം വ്യാപകമായതോടെ ജോലി സമയം വർദ്ധിച്ചുവെന്ന് പലരും പരാതി ഉയർത്തിയിരുന്നു.
നിശ്ചിത സമയം കഴിഞ്ഞാലും ഫോൺ വിളിച്ചും മെസേജ് അയച്ചും തൊഴിലുടമകൾ ജീവനക്കാർക്ക് അധിക ജോലിഭാരം ഉണ്ടാക്കുന്നു. എന്നാൽ ഈ രീതി നടപ്പിലാക്കാൻ കഴിയാത്ത ഒരു രാജ്യമുണ്ട്. പോർച്ചുഗലാണ് തൊഴിലാളികളുെട ബുദ്ധിമുട്ട് മനസിലാക്കി പുതിയ നിയമം പാസാക്രികിയിരിക്കുന്നത്.ജോലി സമയം കഴിഞ്ഞിട്ടും ജീവനക്കാരെ ഫോണിലും മറ്റു മാർഗങ്ങളിലും ബന്ധപ്പെടുന്നത് വിലക്കി പോർച്ചുഗൽ പാർലമെന്റ് കഴിഞ്ഞ ദിവസം നിയമം പാസാക്കി.
ഇനിമുതൽ ജോലി സമയം കഴിഞ്ഞ് മേലധികാരി കീഴുദ്യോഗസ്ഥരെ വിളിച്ചാൽ കനത്ത പിഴയടക്കേണ്ടിവരും. ഇതോടൊപ്പം വർക്ക് ഫ്രം ഹോം സംവിധാനം കാരണം തൊഴിലാളികൾക്ക് വരുന്ന അധിക ചെലവും കമ്പനി നൽകണമെന്ന് പുതിയ നിയമത്തിൽ നിർദേശിക്കുന്നുണ്ട്. വൈദ്യുതി, ഇന്റർനെറ്റ്, ഗ്യാസ് അടക്കമുള്ള അധിക ചെലവിന് കമ്പനി പണം നൽകേണ്ടിവരും.
വീട്ടിലിരിക്കെ ജീവനക്കാരുടെ പ്രവർത്തനക്ഷമത നിരീക്ഷിക്കുകയും മറ്റു ജീവനക്കാർക്കൊപ്പം ഓൺലൈനായി മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നതും പുതിയ നിയമത്തിൽ വിലക്കുന്നുണ്ട്. ചെറിയ കുഞ്ഞുങ്ങളുള്ള ജീവനക്കാർക്ക് മക്കൾക്ക് എട്ടു വയസാകുന്നതുവരെ വീട്ടിൽനിന്നു തന്നെ ജോലിയെടുക്കാനുള്ള നിയമപരിരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്. ഇതിന് കമ്പനിയുടെ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നാണ് നിയമത്തിൽ പറയുന്നത്. എന്നാൽ, പുതിയ നിയമങ്ങൾ പൂർണമായി പാർലമെന്റ് അംഗീകരിച്ചിട്ടില്ല.
കൊറോണ മൂലം പലരും കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. ഇതിന്റെ കൂടെ ജോലിഭാരം വർദ്ധിക്കുന്നത് ആളുകളെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. തൊഴിലാളികളെ പണി എടുപ്പിച്ച് കൊല്ലാകൊല ചെയ്യുന്ന തൊഴിലുടമകൾക്കെല്ലാം മുട്ടൻ പണിയാണ് പോർച്ചുഗലിലെ പുതിയ നിയമം.
Comments