മുംബൈ : 2014 ഓടെയാണ് രാജ്യത്തിന് യദാർത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന നടി കങ്കണ റണാവതിന്റെ പരാമർശത്തെ പിന്തുണച്ച് മറാത്തി ചലച്ചിത്ര താരം വിക്രം ഗോഖലേ. കങ്കണയുടെ പരാമർശം സത്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു ഗോഖലേ കങ്കണയ്‌ക്ക് പരസ്യപിന്തുണയുമായി രംഗത്ത് എത്തിയത്.
കങ്കണയുടെ പരാമർശത്തോട് പൂർണമായും യോജിക്കുന്നു. നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു. ബ്രിട്ടീഷ് രാജിന് കീഴിൽ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ തൂക്കിലേറ്റപ്പെട്ടപ്പോൾ പലരുംമൂക സാക്ഷികളായി നിൽക്കുകയായിരുന്നു. ഇതിൽ പല മുതിർന്ന നേതാക്കളും ഈ കാഴ്ചക്കാരിൽ ഉൾപ്പെടുന്നു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയവരെ രക്ഷിക്കാൻ ഇവർക്കായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിവദങ്ങളിൽ നിന്നും നേട്ടമുണ്ടാക്കാനാണ് ചില രാഷ്‌ട്രീയപാർട്ടികളുടെ ശ്രമമെന്ന് പറഞ്ഞ ഗോഖലേ ത്രിപുരയിലും മഹാരാഷ്‌ട്രയിലും മതമൗലിക വാദികൾ അഴിച്ചുവിട്ട അക്രമങ്ങളെക്കുറിച്ചും പ്രതികരിച്ചു. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ഭാഗമാണ് അടുത്തിടെയുണ്ടായ ആക്രമണങ്ങൾ എന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാ പാർട്ടികളും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ വക്താക്കളാണെന്നും ഗോഖലേ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു കങ്കണയുടെ പരാമർശം. 2014 മോദി സർക്കാർ അധികാരത്തിലേറിയതു മുതലാണ് രാജ്യം യദാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നതെന്നും, 1947ലെ സ്വാതന്ത്ര്യം ബ്രിട്ടീഷുകാരുടെ ഭിക്ഷയാണെന്നുമായിരുന്നു നടിയുടെ പരാമർശം. ഇതിൽ കങ്കണയ്‌ക്കെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് പിന്തുണച്ച് ഗോഖലേ രംഗത്ത് എത്തിയത്.
















Comments