പാലക്കാട്: മമ്പറത്ത് ആർഎസ്എസ് ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകത്തിൽ ഞെട്ടൽ മാറാതെ പ്രദേശവാസികൾ. സഞ്ജിത്ത് വീട്ടിൽ നിന്നിറങ്ങുമ്പോൾ തന്നെ എസ്ഡിപിഐ തീവ്രവാദികൾ നീരിക്ഷിക്കുന്നുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ സംശയം പ്രകടിപ്പിച്ചത് . സ്ഥലത്ത് എസ്ഡിപിഐ ഭീകരപ്രവർത്തനത്തിനെതിരെ ശക്തമായി നിന്ന വ്യക്തിയാണ് സഞ്ജിത്ത്. മമ്പറത്ത് മയക്കുമരുന്ന്, കഞ്ചാവ് മാഫിയകൾ സജീവമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനെതിരെ സഞ്ജിത്ത് ഉൾപ്പെടെയുള്ള ആർഎസ്എസ് പ്രവർത്തകർ ശക്തമായി നിലപാട് എടുത്തിരുന്നു.
പ്രദേശത്ത് എസ്ഡിപിഐ കഞ്ചാവ് മാഫിയകൾക്കെതിരെ ജാഗ്രത പുലർത്തി സഞ്ജിത്ത് പോരാടിയിരുന്നു. എസ്ഡിപിഐ തീവ്രവാദികൾ സഞ്ജിത്തിനെതിരെ നിരന്തരം ഭീഷണിമുഴക്കിയിരുന്നു. രണ്ട് തവണ സഞ്ജിത്തിനെ കൊലപ്പെടുത്താനും ഭീകരർ ശ്രമിച്ചിരുന്നു. നേരത്തെ ഉണ്ടായ ആക്രമണത്തിൽ ഒരു മാസം മുൻപ് സഞ്ജിത്ത് ആശുപത്രിയിലായിരുന്നു. പ്രദേശത്ത് ആർഎസ്എസ് പ്രവർത്തനം ശക്തി പ്രാപിക്കുന്നതും ദേശ വിരുദ്ധർക്ക് വലിയ ആശങ്കയായിരുന്നു. സഞ്ജിത്തിനെ പോലെയുള്ള പ്രവർത്തകരെ ഇല്ലാതാക്കേണ്ടതും ഇവരുടെ ആവശ്യമായി വന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും സംഘപരിവാർ സംഘടനകൾ വ്യക്തമാക്കി.
സഞ്ജിത്തിന് ഇത്തരത്തിൽ ഭീഷണിയുണ്ടായിട്ടും പ്രദേശത്ത് പോലീസ് സുരക്ഷാ വീഴ്ച വരുത്തിയതായാണ് ബിജെപി ആരോപിക്കുന്നത്. കൃത്യം നടത്തി പ്രതികൾ രക്ഷപ്പെടുകയാണ് ഉണ്ടായത്. കൊലപാതകം ആസൂത്രണം ചെയ്ത എസ്ഡിപിഐ തീവ്രവാദികൾക്ക് പ്രദേശത്തെ മറ്റ് രാഷ്‌ട്രീയ സംഘടനകളുടെ സഹായവും ലഭിച്ചതായി സംഘപരിവാർ സംഘടനകൾ ആരോപിച്ചു.
സഞ്ജിത്തിന്റെ കൊലപാതകം ആസൂത്രിത നീക്കമായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് പോലീസിന് സുരക്ഷാ വീഴ്‌ച്ചയുണ്ടായെന്നും സുരേന്ദ്രൻ ആരോപിച്ചു. എസ് ഡി പി ഐ യുമായുള്ള സർക്കാരിന്റെ ചങ്ങാത്തത്തിന് തെളിവാണ് പാലക്കാട് നടന്നതെന്നും കുറ്റാവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ പ്രതികരിച്ചു. സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലത്തിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നിക്ഷപക്ഷമായ അന്വേഷണം നടത്തി പ്രതികളെ ഉടൻ പിടികൂടണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പാലക്കാട് മമ്പറത്ത് ഇന്ന് രാവിലെയാണ് ആർഎസ്എസ് മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ എസ്ഡിപിഐ തീവ്രവാദികൾ വെട്ടിക്കൊന്നത്. 27 വയസ്സായിരുന്നു. ബൈക്കിൽ സഞ്ചരിക്കവെയാണ് ഭാര്യയുടെ കൺമുന്നിലിട്ട് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ ജോലിയ്‌ക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. കാറിൽ എത്തിയ സംഘം ബൈക്ക് തടഞ്ഞു നിർത്തി വെട്ടി വീഴ്‌ത്തുകയായിരുന്നു. നാലംഗ സംഘമാണ് കൃത്യം നടത്തിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. നാലു പേരാണ് ആക്രമണം നടത്തിയതെന്നും ഇവർ ഒളിവിൽ പോയതായുമാണ് പോലീസ് നൽകുന്ന വിശദീകരണം.
















Comments