ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിലെ വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിക്കാൻ നൂതന സംവിധാനമൊരുക്കി പ്രധാനമന്ത്രി. സമാന രീതിയിൽ ഏകോപനം വേണ്ട മന്ത്രാലയങ്ങളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിമാരാണ് ഇനി ഒരുമിച്ച് പ്രവർത്തിക്കുക. 77 കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാർ ഇനി 8 ഗ്രൂപ്പായി പ്രവർത്തിക്കും. വരും ദിവസങ്ങളിൽ വകുപ്പുകളെല്ലാം പരസ്പരം അറിഞ്ഞ് പ്രവർത്തിക്കാനും അതുവഴി വികസനഗതിവേഗം കൂട്ടാനുമാണ് തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തിരമായിട്ടാണ് കേന്ദ്രക്യാബിനറ്റ് മന്ത്രിമാരുടെ യോഗം വിളിച്ച് പ്രവർത്തനങ്ങളുടെ അവലോകനം നടത്തിയത്. വിവിധ മന്ത്രാലയങ്ങൾ പരസ്പരം സംയോജിച്ച് പ്രവർത്തിക്കേണ്ട മേഖലകളെക്കുറിച്ച് പ്രധാനമന്ത്രി തന്റെ നയം വിശദീകരിച്ചു. തുടർന്നാണ് നരേന്ദ്രമോദി നേരിട്ട് തന്നെ 8 വിഭാഗങ്ങളായി 77 മന്ത്രിമാരെ തിരിച്ചത്.
പുതിയ സംവിധാനം എല്ലാ ഔദ്യോഗിക ക്യാബിനറ്റ് തീരുമാനവും നടത്തിപ്പും കൂട്ടായി തീരുമാനിക്കണം. ഒപ്പം കേന്ദ്രപദ്ധതികളുടെ നടത്തിപ്പിൽ വിവിധ മന്ത്രാലയങ്ങൾക്ക് സംയുക്തമായി യോജിച്ച് ഏതു തീരുമാനവുമെടുക്കാം. യോഗങ്ങളെല്ലാം അതാത് ഗ്രൂപ്പിലെ മുതിർന്ന മന്ത്രിമാരുടെ നേതൃത്വത്തിൽ തന്നെ നടക്കണമെന്നാണ് തീരുമാനം. എട്ടു ഗ്രൂപ്പിന്റേയും നേതൃത്വം ഏറ്റവും മുതിർന്ന മന്ത്രിക്കായിരിക്കും. അവർക്കൊപ്പം പുതിയ മന്ത്രിമാരും ചില പഴയ മന്ത്രിമാരും സംയുക്തമായി ചർച്ചകളിൽ അവരുടെ അനുഭവം പങ്കുവെയ്‌ക്കണം.
പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന വികസന വിഷയത്തിൽ ഒരുകാരണ വശാലും തടസ്സമോ കാലതാമസമോ വരരുതെന്ന കർശന നിർദ്ദേശമാണ് അവലോകന യോഗത്തിൽ നരേന്ദ്രമോദി മുന്നിൽ വച്ചിരിക്കുന്നത്. മന്ത്രിമാരുടെ പ്രവർത്തന ക്ഷമത കൂട്ടായി പ്രവർത്തിക്കുമ്പോൾ മാത്രമ വർദ്ധിക്കൂ എന്നും ഏറ്റവും നൂതനമായ നിയമങ്ങളും മന്ത്രാലയത്തിലെ പ്രവർത്തന രീതികളും കൃത്യമായി മന്ത്രിമാർ അറിയണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രഭാതഭക്ഷണ സമയത്ത് മന്ത്രിമാ രുമായി ഒരുമിച്ച് കൂടിക്കാഴ്ച നടത്തുമായിരുന്നു. അതുമൂലമുണ്ടായ ഗുണകരമായ മാറ്റം യോഗത്തിൽ നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. വിവിധ മന്ത്രിമാർ ഇടപെടുന്ന മന്ത്രാലയ വിഷയങ്ങൾ പരസ്പരം അറിയണം. കേന്ദ്രസർക്കാറിന്റെ സുതാര്യമായ പ്രവർത്തനത്തിനും പദ്ധതി നടത്തിപ്പിന്റെ വേഗതയ്‌ക്കും പരസ്പരബന്ധം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
















Comments