പാലക്കാട്: മമ്പറത്ത് ആർഎസ്എസ് ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ സംഭവം അപകടമരണമായി ചിത്രീകരിച്ച് ടൈംസ് ഓഫ് ഇന്ത്യ. തമിഴ്‌നാട്ടിലും കേരളത്തിലും രണ്ട് തരത്തിലാണ് ടൈംസ് ഓഫ് ഇന്ത്യ വാർത്ത നൽകിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു എന്ന തലക്കെട്ടിലാണ് കേരളത്തിലെ പത്രങ്ങളിൽ വാർത്ത വന്നത്. ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ പോയ ആർഎസ്എസ് പ്രവർത്തകൻ സജ്ഞിത്തിനെ കാറിലെത്തിയ സംഘം വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്നും വാർത്തിയ്‌ക്കുള്ളിൽ സൂചിപ്പിക്കുന്നുണ്ട്. അതേസമയം എസ്ഡിപിഐയുടെ കാര്യം വാർത്തയിൽ പറയുന്നില്ല.
എന്നാൽ തമിഴ്‌നാട് എഡിഷനിൽ ഇതേ വാർത്ത ആർഎസ്എസ് പ്രവർത്തകൻ റോഡപകടത്തിൽ കൊല്ലപ്പെട്ടു എന്നാണ് കൊടുത്തിരിക്കുന്നത്. ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ പോകവേ കാർ അപകടത്തിൽപ്പെട്ടെന്നും തലയിലേറ്റ മുറിവാണ് മരണ കാരണമെന്നുമാണ് വാർത്തയിൽ പറയുന്നത്. എസ്ഡിപിഐ സംഘമാണ് കൊലയ്‌ക്ക് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നതായി വാർത്തയ്‌ക്കുള്ളിൽ കൊടുത്തിട്ടുണ്ട്.
വാർത്ത വിവാദത്തിലായതോടെ പ്രതികരണവുമായി ടൈംസ് ഓഫ് ഇന്ത്യയും എത്തി. പാലക്കാട് നിന്ന് ഒരു വാർത്ത മാത്രമെ നൽകിയിട്ടുള്ളൂ. അതാണ് കേരളത്തിലെ എഡിഷനിൽ വന്നതെന്ന് ലേഖകൻ പ്രഭാകരൻ വ്യക്തമാക്കി. സംഭവത്തിൽ ബന്ധപ്പെട്ടവരോട് വിശദീകരണം തേടുമെന്നും ചെന്നൈയിലെ റസിഡന്റ് എഡിറ്റർ അരുൺ പറഞ്ഞു.
















Comments