തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി മന്ത്രി ആർ ബിന്ദു. പാർട്ടി കുടുംബത്തിലെ ഒരു മിശ്ര വിവാഹം എന്ന നിലയക്കാണ് കല്യാണത്തിന് പോയതെന്ന് മന്ത്രി പറഞ്ഞു. വരന്റെ അമ്മയുമായി വർഷങ്ങളായുള്ള വ്യക്തിബന്ധം ഉണ്ട്. വധുവിന്റെ അമ്മയ്‌ക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് കരുതി അത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും മന്ത്രി പ്രതികരിച്ചു. പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹത്തിലാണ് ബിന്ദു പങ്കെടുത്തത്.
വരൻ തന്റെ വിദ്യാർത്ഥിയാണെന്നും മന്ത്രി വിശദീകരിച്ചു. 20 വർഷമായി ആ കുടുംബത്ത അറിയാം. പാർട്ടി കുടുംബമാണ്. ജാതിയ്‌ക്ക് അതീതമായി പ്രണയ വിവാഹിതരായവരാണ്. അത്തരം വിവാഹങ്ങളിൽ താൻ ഇനിയും പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്‌ച്ചയാണ് ഇരിങ്ങാലക്കുടയിൽ വിവാഹം നടന്നത്.
പ്രതിയുടെ മകളുടെ വിവാഹ ചടങ്ങിലും സദ്യയിലും മന്ത്രി പങ്കെടുത്തിരുന്നു. കേസിൽ പിടികൂടാനുള്ള മൂന്ന് പ്രതികളിൽ ഒരാളാണ് അമ്പിളി മഹേഷ്. ഇവർ നിലവിൽ ഒളിവിലാണ്. ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് മുൻ ഭരണ സമിതി അംഗങ്ങൾ ഉൾപ്പെടെ ഒൻപത് പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. നൂറ് കോടിയിലധികം രൂപയുടെ ക്രമക്കേടാണ് ബാങ്കിൽ നടത്തിയത്. ഇവരിൽ അമ്പിളി മഹേഷ്, മിനി നന്ദനൻ എന്നിവരാണ് ഇനിയും അറസ്റ്റിലാവാനുള്ളത്.
സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിന്റെ തലപ്പത്തുള്ളത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടർന്ന് സിപിഎം നേതാക്കൾ ഉൾപ്പെടുന്ന 13 അംഗഭരണസമിതി പിരിച്ചു വിട്ടിരുന്നു.
Comments