തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത് 36,000ൽ അധികം ആളുകൾ. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ 36 മരണവും അപ്പീൽ നൽകിയ 171 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് മരണ സംഖ്യ ഉയർന്നത്. 36087 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചത്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. കൊറോണ പോസിറ്റീവായി 30 ദിവസത്തിനകം സംഭവിക്കുന്ന മരണങ്ങൾ കൂടി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഈ കണക്കുകൾ കൂടി ഉൾപ്പെടുത്തിയതോടെയാണ് കേരളത്തിലെ മരണ സംഖ്യ വീണ്ടും ഉയർന്നത്.
2020 മാർച്ച് 28നാണ് കേരളത്തിൽ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ തരംഗത്തിൽ 2021 മാർച്ച് മാസം പകുതി വരെ 4406 പേരാണ് മരിച്ചതെങ്കിൽ രണ്ടാം തരംഗത്തിൽ അതിന്റെ മൂന്നിരട്ടി മരണമാണ് ഉണ്ടായത്. രണ്ടാം തരംഗത്തിലെ ഡെൽറ്റ വൈറസിന്റെ വരവോടെയാണ് കേരളത്തിൽ കൊറോണ മരണ സംഖ്യ ഉയരാൻ തുടങ്ങിയത്. കൊറോണ പ്രതിരോധത്തിൽ സർക്കാരിന്റെ അശാസ്ത്രീയ നിയന്ത്രണങ്ങൾ കൂടിയായപ്പോൾ രോഗികൾ വർദ്ധിക്കുകയും മരണ സംഖ്യ ക്രമാതീതമായി ഉയരുകയും ചെയ്തു.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ട് പോലും മരണ സംഖ്യ കുറഞ്ഞിരുന്നില്ല. അശാസ്ത്രീയമാണ് നിയന്ത്രണങ്ങൾ എന്ന് തെളിയിക്കാൻ ഈ കണക്കുകൾ മാത്രം മതിയായിരുന്നു. 2021 ജൂൺ രണ്ടിനാണ് കേരളത്തിലെ പ്രതിദിന മരണ നിരക്ക് ആദ്യമായി 200 കടക്കുന്നത്. രണ്ടാം തരംഗത്തിലെ മരണ നിരക്കിനെ നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. കേരളം കൊറോണ മരണങ്ങൾ കുറച്ചു കാണിക്കുന്നുവെന്ന ആരോപണം തുടക്കം മുതലേ ശക്തമായിരുന്നു.
അതേസമയം കൊറോണ നെഗറ്റീവ് ആയ ശേഷം കൊറോണാനന്തര പ്രശ്‌നങ്ങളാൽ മരിക്കുന്നവരുടെ എണ്ണം രണ്ടാം തരംഗത്തിൽ കൂടുതലായിരുന്നു. നിലവിൽ രാജ്യത്തെ പ്രതിദിന രോഗികളിൽ ഏറ്റവും കൂടുതൽ കേരളത്തിലാണ്. ഇന്ന് കേരളത്തിൽ 5516 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 70,576 സാംപിളുകൾ മാത്രമാണ് പരിശോധിച്ചതെന്നതും ശ്രദ്ധേയം. ഇനിയും അടച്ചിടുന്നത് പ്രതിവിധിയല്ലെന്ന് സർക്കാരിന് തന്നെ മനസിലായപ്പോഴാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. ഇനി ഏക ആശ്രയം സാമൂഹിക അകലവും മാസ്‌കും സാനിറ്റൈസറും മാത്രമാണ്. ഒപ്പം വാക്‌സിനും.
















Comments