മുംബൈ: ഔദ്യോഗിക ജീവിതത്തിൽ 5,000ത്തിൽ അധികം പേരുടെ പ്രസവമെടുത്ത നഴ്സ് സ്വന്തം പ്രസവത്തിലെ സങ്കീർണ്ണകളെ തുടർന്ന് മരിച്ചു. 38കാരിയായ ജ്യോതി ഗാവ്ലിയാണ് സ്വന്തം പ്രസവത്തെ തുടർന്ന് മരിച്ചത്. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലാണ് സംഭവം. അവിടുത്തെ ഒരു സർക്കാർ ആശുപത്രിയിലെ ജീവനക്കാരിയാണ് ജ്യോതി.
നവംബർ രണ്ടിനാണ് ജോലി ചെയ്യുന്ന അതേ ആശുപത്രിയിൽ ജ്യോതിയെ പ്രസവത്തിനായി പ്രവേശിപ്പിക്കുന്നത്. അവിടെ വെച്ച് തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. എന്നാൽ ജ്യോതിയുടെ ആരോഗ്യനില പിന്നീട് മോശവമാവുകയായിരുന്നു. ന്യൂമോണിയയും രക്തസ്രാവവുമാണ് ആരോഗ്യനില ഗുരുതരമാക്കിയത്. വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജ്യോതിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ആശുപത്രിയിലെ സഹപ്രവർത്തകർ. ഒരു ദിവസം 15ൽ അധികം പ്രസവമാണ് ആശുപത്രിയിൽ നടക്കുന്നത്. ജ്യോതിയുടെ അഞ്ച് വർഷത്തെ സേവന കാലയളവിൽ അയ്യായിരം പ്രസവങ്ങളിൽ ജ്യോതി സഹായിച്ചിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു.
Comments