മാലി: രാജ്യത്ത് നടന്ന ഇന്ത്യ വിരുദ്ധ പ്രകടനത്തെ ശക്തമായി തളളിക്കളഞ്ഞ് മാലി സർക്കാർ. ഇന്ത്യ വിശ്വസ്തരായ ഏറ്റവും അടുപ്പമുളള അയൽക്കാരാണെന്നും ഇന്ത്യയുമായുളള സഹകരണം സമുദ്ര സുരക്ഷയിൽ ഉൾപ്പെടെ ഗുണകരമാണെന്നും സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. തെറ്റായ പ്രചാരണങ്ങൾക്ക് സമൂഹമാദ്ധ്യമങ്ങളെയും മാദ്ധ്യമങ്ങളെയും വേദിയാക്കുന്നതിൽ നിന്ന് പിൻമാറണമെന്നും സർക്കാർ ആവശ്യപ്പെട്ടു. മാലിയുടെ ഏറ്റവും തന്ത്രപ്രധാന ഉഭയകക്ഷി പങ്കാളിയായ ഇന്ത്യയ്‌ക്കെതിരായ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതും കഴമ്പില്ലാത്തതുമാണെന്നും പ്രസ്താവനയിൽ പറയുന്നു.
പരസ്പരം സാംസ്‌കാരികവും ചരിത്രമൂല്യവും പങ്കിടുന്ന ശക്തമായ ഉഭയകക്ഷി ബന്ധമാണ് ഇന്ത്യയുമായി ഉളളത്. മാലിദ്വീപിലെ ജനങ്ങൾക്ക് എല്ലാ തലങ്ങളിലും സുസ്ഥിരമായ പിന്തുണയാണ് ഇന്ത്യ നൽകുന്നത്. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലും അടുത്ത ബന്ധം പുലർത്തുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രമേഖലയിലെ സുരക്ഷ ഉറപ്പിക്കുന്നതിലുൾപ്പെടെ ഇന്ത്യയുടെ പങ്ക് വലുതാണ്. തീര നിരീക്ഷണത്തിലും സമുദ്രത്തിലെ അപകടഘട്ടങ്ങളിലും ഉൾപ്പെടെ ഇന്ത്യയുടെ സഹായം നിർണായകമാണ്. ഇതെല്ലാം ദ്വീപിലെ ജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്നതാണെന്നും മാലി സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം, മനുഷ്യക്കടത്ത് തടയൽ, സൈബർ സുരക്ഷ, ലഹരി കടത്ത് തുടങ്ങിയ ഭീഷണികളെ മാലിദ്വീപിന് നേരിടണമെങ്കിൽ മേഖലാരാജ്യങ്ങളുടെയും മറ്റ് ലോകരാജ്യങ്ങളുടെയും സഹകരണം ആവശ്യമാണ്. അത് മനസിലാക്കി രാഷ്‌ട്രീയ പാർട്ടികൾ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറണം. അയൽക്കാരുമായുളള രാജ്യത്തിന്റെ ബന്ധം ഇല്ലാതാക്കുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാദ്ധ്യമപ്രവർത്തനത്തിന്റെ പ്രൊഫഷണൽ നിലവാരം പാലിക്കണമെന്നും സർക്കാർ മാദ്ധ്യമങ്ങളോട് നിർദ്ദേശിച്ചു.
2004 ലെ സുനാമിയിലും കൊറോണ പ്രതിസന്ധിയിലും ഉൾപ്പെടെ ഇന്ത്യ നൽകിയ എണ്ണമറ്റ സഹായങ്ങൾക്ക് നന്ദി പറയുകയാണ് ഈ അവസരത്തിൽ മാലിയിലെ ജനങ്ങൾ ചെയ്യേണ്ടതെന്നും പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ദിവസം നടന്ന ഒരു പ്രകടനത്തിലാണ് ഇന്ത്യൻ സൈന്യത്തിനെതിരായ മുദ്രാവാക്യങ്ങൾ ഉയർന്നത്. ഇന്ത്യൻ സൈന്യം പുറത്തുപോകണമെന്നും മാലിദ്വീപിന്റെ അഖണ്ഡതയ്‌ക്ക് ഭീഷണിയാണെന്നും ഉൾപ്പെടെയുളള മുദ്രാവാക്യങ്ങളാണ് ഉയർന്നത്.
















Comments