മുംബൈ: ലോകോത്തര സൗകര്യങ്ങൾ ഒരുക്കാനുള്ള യാത്രയിൽ ഇന്ത്യൻ റെയിൽവേയുടെ തൊപ്പിയിൽ മറ്റൊരു തൂവൽ കൂടി. റെയിൽവേ മന്ത്രാലയം മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച ആദ്യത്തെ പോഡ് റിട്ടയറിങ് റൂമുകൾ ശ്രദ്ധേയമാകുന്നു. റെയിൽവേ മന്ത്രാലയം ഇന്ത്യയിലെ ആദ്യത്തെ പിഒഡി റിട്ടയറിങ് റൂമുകൾ മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അവതരിപ്പിക്കുന്നുവെന്നത് പങ്കിടുന്നതിൽ സന്തോഷമുണ്ട്. ഈ പോഡ് റിട്ടയറിങ് റൂമുകൾ ഉപയോഗിച്ച് മിതമായ നിരക്കിൽ ഒരു ഹോട്ടൽ മുറിയുടെ ആഡംബരവും സൗകര്യങ്ങളും ആസ്വദിക്കൂ. റെയിൽവേ, ടെക്സ്റ്റൈൽസ് സഹമന്ത്രി ദർശന ജർദോഷ് ട്വീറ്റിൽ പറഞ്ഞു.
പിഒഡികൾ ഒരു രൂപയ്‌ക്ക് ബുക്ക് ചെയ്യാം. 12 മണിക്കൂറിന് 999 രൂപയും. 24 മണിക്കൂറിന് 1,999രൂപയുമാണ് വാടക. സ്വകാര്യ പോഡിന് 12 മണിക്കൂറിന് 1,249 രൂപയും. 24 മണിക്കൂറിന് 2,499. ഹോട്ടൽ പരിസരത്ത്, അതിഥികൾക്ക് ശുചിമുറികൾ, ഷവർ, ഒരു പൊതു ഇടം തുടങ്ങിയ സൗകര്യങ്ങൾക്കൊപ്പം സൗജന്യ വൈഫൈയും ആസ്വദിക്കാം. ഓരോ എയർകണ്ടീഷൻ ചെയ്ത പിഒഡിയിലും ഒരു ടെലിവിഷൻ, മൊബൈൽ ചാർജിംഗ് പോയിന്റുകൾ, റീഡിംഗ് ലൈറ്റുകൾ എന്നിവ ഉണ്ടായിരിക്കും.
മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നിലയിൽ ഏകദേശം 3,000 ചതുരശ്ര അടി സ്ഥലത്താണ് പിഒഡി ഹോട്ടൽ സ്ഥാപിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി തരംതിരിച്ചിരിക്കുന്ന 48 കാപ്സ്യൂൾ റൂമുകൾ ഇതിലുണ്ട്. 30 പിഒഡികൾ ക്ലാസിക് വിഭാഗത്തിലാണ്, ഏഴ് സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്, പത്തെണ്ണം സ്വകാര്യ പിഒഡികളായി തരംതിരിച്ചിട്ടുണ്ട്.
ഒന്ന് ഭിന്നശേഷിയുള്ള യാത്രക്കാർക്ക് ലഭ്യമാണ്. ക്ലാസിക്, സ്ത്രീകൾ മാത്രമുള്ള പിഒഡികളിൽ ഒരു യാത്രക്കാരനെ ഉൾക്കൊള്ളാൻ കഴിയുമെങ്കിലും, സ്വകാര്യ പിഒഡിയിൽ അധിക മുറിയുണ്ട്. ഭിന്നശേഷിയുള്ള യാത്രക്കാർക്കുള്ള പിഒഡിയിൽ രണ്ട് അതിഥികളെ ഉൾക്കൊള്ളാൻ കഴിയും. കൂടാതെ വീൽചെയറിന്റെ സുഗമമായ ചലനത്തിനുള്ള ഇടവുമുണ്ട്.
എന്താണ് പിഒഡി മുറികൾ?
1979-ൽ ജപ്പാനിലെ ഒസാക്കയിലാണ് പിഒഡി മുറികൾ അല്ലെങ്കിൽ കാപ്സ്യൂൾ റൂമുകൾ എന്നറിയപ്പെടുന്നത് ആദ്യമായി സ്ഥാപിച്ചത്. ചൈന, ബെൽജിയം, ഹോങ്കോങ്, ഐസ്ലാൻഡ്, പോളണ്ട് തുടങ്ങിയ വിവിധ രാജ്യങ്ങളിൽ ഇത്തരം ഹോട്ടലുകളുണ്ട്. ഇന്ത്യയിൽ ഇത് ആദ്യമായി ആരംഭിച്ചത് മുംബൈയിലെ അർബൻപോഡ് എന്ന കമ്പനിയാണ്.
പിഒഡികൾ അടിസ്ഥാനപരമായി ഒരു പോഡിന്റെയോ ക്യാപ്സ്യൂളിന്റെയോ ആകൃതിയിലുള്ള ചെറിയ മുറികളാണ്. പരമ്പരാഗത ഹോട്ടൽ മുറികളെ അപേക്ഷിച്ച് കുറച്ച് സ്ഥലമെടുക്കുന്നതിനാൽ അവ ജനപ്രിയമാവുകയും ചെയ്യുന്നു. ഈ പോഡ് കൺസെപ്റ്റ് റൂമുകളിൽ താരതമ്യേന കുറഞ്ഞ നിരക്കിൽ എല്ലാ ആധുനിക സൗകര്യങ്ങളും യാത്രക്കാർക്ക് ലഭ്യമാകുമെന്ന് പശ്ചിമ റെയിൽവേ ട്വീറ്റ് ചെയ്തു.
Comments