കൊച്ചി: മുൻ മിസ് കേരള അൻസി കബീർ അടക്കമുള്ളവരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. ഒക്ടോബർ 31ന് രാത്രി ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ ഡിജെ പാർട്ടിയിൽ പങ്കെടുത്തവരെ ചോദ്യം ചെയ്യുന്നു. ആറ് പേരെയാണ് പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നത്.
ഹോട്ടലിലെ രജിസ്റ്ററിൽ നിന്നാണ് ഇവരുടെ പേര് വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. തുടർന്ന് ചോദ്യം ചെയ്യലിനായി പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. പാർട്ടിയ്‌ക്കിടെ എന്താണ് സംഭവിച്ചത്, ഹോട്ടലുടമയും മിസ് കേരള അടക്കമുള്ളവരും തമ്മിൽ എന്തെങ്കിലും വാക്ക് തർക്കമുണ്ടായോ തുടങ്ങിയ വിവരങ്ങളാകും പോലീസ് ചോദിച്ചറിയുക.
പാർട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചെന്ന് സ്ഥിരീകരിച്ചതോടെയാണ് പാർട്ടിയിൽ പങ്കെടുത്തവരിൽ നിന്നും വിവരങ്ങൾ സ്വീകരിക്കാൻ പോലീസ് ഒരുങ്ങുന്നത്. അതേസമയം രജിസ്റ്ററിൽ പേര് ചേർക്കാത്ത മറ്റ് ചിലരും അന്നേ ദിവസം ഹോട്ടലിൽ തങ്ങിയതായും വിവരമുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
അതിനിടെ മോഡലുകളെ പിന്തുടർന്ന ഓഡി കാർ ഡ്രൈവർ സൈജു തങ്കച്ചൻ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മോഡലുകളുടെ വാഹനത്തെ പിന്തുടർന്നിട്ടില്ലെന്നും മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ തന്നെ പ്രതി ചേർത്ത് അറസ്റ്റിന് ശ്രമിക്കുകയാണെന്നുമാണ് സൈജു ജാമ്യാപേക്ഷയിൽ പറയുന്നത്. ഹോട്ടൽ ഉടമ റോയ് ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണിത്.
ഫോർട്ട്‌കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്ത് മടങ്ങവെ നവംബർ ഒന്നിനു പുലർച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഡ്രൈവർ അബ്ദുൾ റഹ്മാൻ മാത്രം രക്ഷപെട്ടിരുന്നു. ഇയാളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അബ്ദുൾ റഹ്മാൻ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നാണ് പോലീസ് അറിയിച്ചത്. ഇയാൾക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്‌ക്കാണ് കേസെടുത്തത്.
















Comments