ചെന്നൈ: 2022 ലെ ഐപിഎൽ ഇന്ത്യയിൽ തന്നെ നടത്തുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഐപിഎൽ വിജയാഘോഷത്തിൽ പങ്കെടുക്കവേയാണ് ജയ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
ഐപിഎലിനെ ഇന്ത്യയിൽ തിരികെയെത്തിക്കും. വരുന്ന സീസണിൽ ലക്‌നൗ, അഹമ്മദാബാദ് ടീമുകൾ കൂടി ചേരുന്നതോടെ ടൂർണമെന്റ് ഇരട്ടി ആവേശത്തിലാകുമെന്നും ജയ് ഷാ പറഞ്ഞു. ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് കളിക്കുന്നത് കാണാനാണ് എല്ലാവരും കാത്തിരിക്കുന്നതെന്ന് അറിയാം. ആ നിമിഷം വളരെ അകലെയല്ല. പതിനഞ്ചാം സീസൺ ഐപിഎൽ ഇന്ത്യയിലായിരിക്കും നടക്കുക. ജയ് ഷാ പറഞ്ഞു.
താരങ്ങൾക്കായി ഡിസംബറിൽ മെഗാ ലേലം നടക്കും. അതിന് ശേഷം പുതിയ കോംപിനേഷനുകൾ വ്യക്തമാകുമെന്നും ജയ് ഷാ കൂട്ടിച്ചേർത്തു. അഹമ്മദാബാദ് ടീമിനെ 5625 കോടി രൂപയ്‌ക്ക് സിവിസി ക്യാപ്പിറ്റലും ലക്‌നൗ ടീമിനെ 7009.0 കോടി രൂപയ്‌ക്ക് ആർപി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പുമാണ് സ്വന്തമാക്കിയത്.
ഇതോടെ പത്ത് ടീമുകളാകും വരുന്ന സീസണിൽ ഐപിഎല്ലിൽ മാറ്റുരയ്‌ക്കുക. ഓരോ ടീമിനും ഏഴ് ഹോം മാച്ചുകളും ഏഴ് എവേ മാച്ചുകളും അടക്കം 74 കളികളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ സീസണിലെ ഐപിഎൽ ഇന്ത്യയിൽ നടന്നെങ്കിലും ഇടയ്‌ക്ക് താരങ്ങൾക്ക് കൊറോണ ബാധിച്ചതോടെ ടൂർണമെന്റ് പാതിവഴിയിൽ നിർത്തിയിരുന്നു. പിന്നീട് യുഎഇയിലാണ് അവശേഷിച്ച മത്സരങ്ങൾ നടത്തി ടൂർണമെന്റ് പൂർത്തിയാക്കിയത്.
Comments