തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വർദ്ധനവിൽ കേന്ദ്രസർക്കാരിനെ പഴിചാരി വീണ്ടും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിനിടെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് സംസ്ഥാനം നികുതി കുറയ്‌ക്കാത്തത് വിഴുങ്ങി എ വിജയരാഘവൻ കേന്ദ്രത്തെ കുറ്റപ്പെടുത്തിയത്.
കേന്ദ്രസർക്കാർ പെട്രോളിന് വ്യത്യസ്തങ്ങളായ തീരുവകൾ വർദ്ധിപ്പിക്കുകുയും സെസുകൾ ചുമത്തുകയും ചെയ്തു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറയണമെങ്കിൽ കേന്ദ്രം അതിന്റെ വില നന്നായി കുറച്ചാൽ മതി. സ്വാഭാവികമായും സംസ്ഥാന നികുതിയിലും കുറവ് വരും ജനങ്ങൾക്ക് നല്ല സമാശ്വാസം ലഭിക്കും വിജയരാഘവൻ പരിഹസിച്ചു.
കേന്ദ്രസർക്കാർ പെട്രോളിന് എക്‌സൈസ് തീരുവയിൽ അഞ്ച് രൂപയും ഡീസലിന് 10 രൂപയും ദീപാവലി തലേന്ന് കുറച്ചിരുന്നു. 25 ലധികം സംസ്ഥാനങ്ങൾ ഇതിന്റെ ചുവടു പിടിച്ച് സംസ്ഥാന നികുതിയിലും കുറവ് വരുത്തിയെങ്കിലും കേരളം ഒരു പൈസ പോലും കുറച്ചിട്ടില്ല. പ്രതിഷേധങ്ങൾ ഉയർന്നിട്ടും കുറയ്‌ക്കാനാകില്ലെന്ന നിലപാടാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാർഗമാണെന്നും ചിലവുകൾ നടക്കാൻ മറ്റ് മാർഗമില്ലെന്നുമായിരുന്നു വിശദീകരണം. ഈ വസ്തുത മറച്ചുവെച്ചാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിജയരാഘവന്റെ വാക്കുകൾ.
പെട്രോൾ ഉൽപ്പന്നങ്ങളുടെ വിലയിൽ ഉണ്ടായ വർദ്ധനവാണ് വിലക്കയറ്റത്തിന് കാരണമെന്നും സിപിഎം അതിനെതിരെ ശക്തമായ പ്രതിഷേധം നടത്താൻ തീരുമാനിച്ചതായും വിജയരാഘവൻ പറഞ്ഞു. പച്ചക്കറി വിപണിയിൽ ഉൾപ്പെടെ വില റോക്കറ്റ് പോലെ കുതിച്ചിട്ടും സംസ്ഥാന സർക്കാർ ഇടപെടാൻ തയ്യാറായിട്ടില്ല. ഇതും വിജയരാഘവൻ പരാമർശിച്ചില്ല. സംസ്ഥാന സർക്കാരിന്റെ വീഴ്ച ഇവിടെയും പാർട്ടി ആക്ടിങ് സെക്രട്ടറി മൂടിവെച്ചു.
കേരളത്തിന്റെ വികസന പദ്ധതികൾക്ക് വേണ്ടത്ര കേന്ദ്രസഹായം നൽകാത്തതിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിജയരാഘവൻ പറഞ്ഞു. കെ. റെയിലിനെയും വിജയരാഘവൻ ന്യായീകരിച്ചു. നാല് ചക്ര വാഹനങ്ങളും ഇരുചക്ര വാഹനങ്ങളുടെയും സാന്ദ്രത രാജ്യത്ത് ഏറ്റവും കൂടുതലുളള സംസ്ഥാനമാണ് കേരളം. റോഡ് വഴിയുളള ഗതാഗതം ഏറ്റവും പ്രയാസമുളളതായി മാറി. ആളുകളുടെ ചലനത്തിൽ വേഗതയുണ്ടാകുക എന്നത് ആവശ്യമാണ്. കൂടുതൽ നിക്ഷേപം ആകർഷിക്കാനും അത് സഹായിക്കും. അതാണ് കെ. റെയിലിന്റെ ഉദ്ദേശ്യം. ഭാവിയുടെ അടിത്തറ പണിയുന്നതാണ് പദ്ധതിയെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണമെന്നും വിജയരാഘവൻ പറഞ്ഞു.
Comments