തിരുവനന്തപുരം; കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന വിഷയത്തിൽ പ്രതികരണവുമായി വനംമന്ത്രി എ.കെ ശശീന്ദ്രൻ. വന്യജീവികളെ സംരക്ഷിക്കേണ്ട വനംവകുപ്പ് തന്നെ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ പൊരുത്തക്കേടുണ്ട്. ഇത്തരത്തിൽ കേന്ദ്രത്തെ സമീപിക്കുന്നതിൽ വൈരുദ്ധ്യമുണ്ടെന്നും വനംമന്ത്രി പറഞ്ഞു. അതിനാൽ നിബന്ധനകളോടെ അനുവദിക്കണമെന്ന ആവശ്യമാണ് കേന്ദ്രസർക്കാരിന് മുമ്പിൽ സമർപ്പിക്കുക.
വന്യജീവി ശല്യമുള്ള പ്രദേശങ്ങളിൽ വനംവകുപ്പ് പരിശോധന ശക്തമാക്കും. ഇതിനായി വിശദമായ പദ്ധതി രേഖ തയ്യാറാക്കും. ഫെൻസിങ് അടക്കമുള്ളവ പരിഹാരമല്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. റബ്ബർ ബുള്ളറ്റ് ഉപയോഗിക്കുന്ന കാര്യവും ആരായും. കേന്ദ്ര തീരുമാനം വരുന്നതോടെ കർഷകരുടെ ആശങ്കയ്‌ക്ക് പരിഹാരമാകുമെന്നും വനംമന്ത്രി വ്യക്തമാക്കി. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇത് സംബന്ധിച്ച ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് അടുത്ത കാലത്തായി കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. നാട്ടിലിറങ്ങുന്ന പന്നികളുടെ ശല്യം കുറയ്‌ക്കാൻ 2011 മുതൽ നടപടികൾ ആരംഭിച്ചതാണ്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ മൂന്നാം പട്ടികയിൽ ഉൾപ്പെടുന്ന ജീവിയാണ് കാട്ടുപന്നി. ഇവയെ കൊല്ലുന്നത് ശിക്ഷാർഹമാണ്. എന്നാൽ നിയമത്തിന്റെ അഞ്ചാം പട്ടികയിൽ ഉൾപ്പെടുത്തി ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ പൊതുജനങ്ങൾക്ക് നേരിട്ട് കൊല്ലാൻ സാധിക്കുമെന്നായിരുന്നു വനംമന്ത്രി നേരത്തെ വ്യക്തമാക്കിയത്. ഈ പ്രതികരണത്തിലാണ് വനംവകുപ്പിന്റെ ഉത്തരവാദിത്വം മുന്നിൽ കണ്ട് മാറ്റം വരുത്തിയത്.
















Comments