ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ ബുധനാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനമെടുക്കും. നിയമം പിൻവലിക്കുന്നതായി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. വൈകിപ്പിക്കാതെ നിയമം പിൻവലിച്ചുകൊണ്ടുളള നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാണ് കേന്ദ്രസർക്കാർ നീക്കം.
കേന്ദ്രമന്ത്രിസഭായോഗം തീരുമാനമെടുത്താലും ഇതുമായി ബന്ധപ്പെട്ട ബില്ല് പാർലമെന്റിൽ അവതരിപ്പിക്കേണ്ടതുണ്ട്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ഈ ബില്ല് അവതരിപ്പിക്കാനാണ് നീക്കം. സർക്കാർ അവതരിപ്പിച്ച മൂന്ന് നിയമങ്ങളാണ് പിൻവലിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞത്. സർക്കാർ സദുദ്ദേശ്യത്തോടെ കർഷകരുടെ നൻമ ലക്ഷ്യമാക്കി അവതരിപ്പിച്ച ബില്ല് അതിന്റെ പൂർണരൂപത്തിൽ എല്ലാവരും ഉൾക്കൊണ്ടില്ലെന്നും അതിനാൽ പിൻവലിക്കുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
നിയമത്തിനെതിരെ ഒരു വർഷത്തിലധികമായി ഡൽഹി അതിർത്തിയിൽ ഉൾപ്പെടെ നടക്കുന്ന പ്രതിഷേധങ്ങൾ കൂടി കണക്കിലെടുത്തായിരുന്നു പ്രധാനമന്ത്രിയുടെ തീരുമാനം. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം സമരം പിൻവലിച്ചാൽ മതിയെന്നാണ് തിക്രി അതിർത്തിയിൽ ഇന്നു ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിൽ തീരുമാനിച്ചത്. നാളെ ലക്‌നൗവിൽ ചേരാനിരിക്കുന്ന മഹാപഞ്ചായത്തും പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്ന 29 ന് പാർലമെന്റിലേക്ക് നടത്താനിരിക്കുന്ന ട്രാക്ടർ മാർച്ചും പിൻവലിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.
Comments