കൊച്ചി: മുമ്പ് പറഞ്ഞ കാര്യങ്ങൾ വർഷങ്ങൾ കഴിഞ്ഞാൽ മാറ്റി പറയുന്നത് സിപിഎമിന്റെ നിലപാടിനെ തുറന്നു കാട്ടി രാഷ്ടീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. 1921ലെ മാപിള ലഹളയെ വർഗീയ കലാപമായി വിശേഷിപ്പിച്ച സിപിഎം ഇപ്പോൾ അതിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിക്കുന്നു. ഫെയ്ബുക്ക് പോസ്റ്റിലൂടെയാണ് അഡ്വ ജയശങ്കർ സിപിഎമ്മിന്റെ ഇരട്ടതാപ്പ് വ്യക്തമാക്കുന്നത്.
1921ലെ മാപിള ലഹളയെ കുറിച്ച് കലാപത്തിന്റെ 25ാം വാർഷികമായ 1946ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു. 1921ലെ മാപിള ലഹള, അതൊരു വർഗീയ ലഹളയായി മാറിയതിനെത്തുടർന്നു നിരവധി ഹിന്ദു കുടുംബങ്ങൾ മുസ്ലിം ലഹളക്കാരുടെ ആക്രമണത്തിനിരയായിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ വിഭജനത്തിനുശേഷം ലീഗിന്റെ പിന്തുണയോടെ അധികാരത്തിലേറിയ അച്യുതമേനോൻ സർക്കാർ 1973ൽ ലഹളയിൽ പങ്കെടുത്തവർക്ക് പെൻഷൻ നൽകാൻ തീരുമാനിച്ചു. ഇതിനെ എതിർത്ത സിപിഎം സംസ്ഥാന കമ്മിറ്റി അതിനെ എതിർത്ത് പ്രസ്താവനയിറക്കി. 1946ലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസ്താവനയിൽ ഞങ്ങൾ ഉറച്ചു നിൽക്കുന്നു. സിപിഐ പഴയ നിലപാടിൽ മാറ്റം വരുത്തിയോ എന്നായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ ചോദ്യം.
1973 സെപ്റ്റംബർ 14 നു കമ്മ്യൂണിസ്റ്റ് (മാർക്‌സിസ്റ്റ്) പാർട്ടി സ്റ്റേറ്റ് കമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവന ഇങ്ങനെയായിരുന്നു.
ബ്രിട്ടീഷുകാർക്ക് കൂട്ടുപിടിച്ചു കൊടുത്ത പ്രമാണിമാരാണ് പിന്നീട് ലഹള ബാധിത പ്രദേശങ്ങളിൽ ലീഗിന്റെ സംഘാടകരും നേതാക്കന്മാരുമായി മാറിയതെന്നും, അതുകൊണ്ട് തന്നെ, ലഹള നടന്ന കാലത്തു 1921 നെ വെറുമൊരു വർഗീയ ലഹളയായി ചിത്രീകരിക്കുന്ന പ്രക്രിയയ്‌ക്ക് കൂട്ടുനിന്ന പാരമ്പര്യമാണ് ലീഗിനുള്ളതെന്നും സംസ്ഥാനകമ്മിറ്റി അംഗീകരിച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രസ്താവന ഇങ്ങനെ തുടരുന്നു. ആ ലഹളയിലടങ്ങിയ സാമ്രാജ്യവിരുദ്ധ ഉള്ളടക്കവും അതിൽ പങ്കെടുത്ത മാപ്പിള കൃഷിക്കാരുടെ ഐതിഹാസിക സമരവീര്യവും പുറത്തുകൊണ്ടുവന്നത് പരേതനായ അബ്ദുൾ റഹ്മാൻ സാഹിബിന്റെ നേതൃത്വത്തിലുള്ള ദേശീയ മുസ്ലിങ്ങളും അന്നത്തെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുമാണ്. അന്നത്തെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യഥാർത്ഥ അനന്തരാവകാശിയായ കമ്മ്യൂണിസ്റ്റ് (മാർക്‌സിസ്റ്റ്) പാർട്ടി ഈ മഹനീയ പാരമ്പര്യത്തിൽ ഇന്നും ഉറച്ചുനിൽക്കുന്നു.
അതേയവസരത്തിൽ കാർഷിക കലാപത്തിന്റെയും സാമ്രാജ്യത്വവിരുദ്ധ മുന്നേറ്റത്തിന്റെയും രൂപത്തിൽ തുടങ്ങിയ ആ സമരം അതിന്റെ മുൻപന്തിയിൽ നിന്നിരുന്ന വിപ്ലവ വിരോധികളായ കോൺഗ്രസ് നേതാക്കന്മാരുടെയും മുസ്ലിം പ്രമാണിമാരുടെയും നേതൃത്വത്തിൽ അവസാനം ഒരു വർഗീയ ലഹളയായി കലാശിച്ചുവെന്ന വസ്തുത മുൻപത്തെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയോ അതിട്‌നെ പിന്തുടർച്ചാവകാശിയായ കമ്മ്യൂണിസ്റ്റ് (മാർക്‌സിസ്റ്റ്) പാർട്ടിയോ ഒരിക്കലും നിഷേധിച്ചിട്ടില്ല. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരുവിതാംകൂർ- കൊച്ചി – മലബാർ കമ്മിറ്റികളുടെ സംയുക്തയോഗം 1946 ആഗസ്റ്റ് 19 നു അംഗീകരിച്ചു ”ആഹ്വാനവും താക്കീതു’മെന്ന തലവാചകത്തിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ ഇങ്ങനെ ചൂണ്ടിക്കാണിച്ചിരുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിജ്ഞാപനം ഇങ്ങനെ തുടർന്നു: ”മതദ്രോഹികളും വിപ്ലവവിരോധികളുമായ നേതാക്കന്മാരുടെ നേതൃത്വത്തിൽ ബഹുജനസമരം എങ്ങനെ പൊളിയുമെന്നും ഒരു സമുദായത്തെമാത്രം ബാധിക്കുന്ന സമരങ്ങളെത്തന്നെ സാമുദായിക ലഹളയാക്കിമാറ്റി നാടിനെ നശിപ്പിക്കുമെന്നും പഠിക്കാൻ ഞങ്ങൾ അവരോട് അപേക്ഷിക്കുന്നു.”
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ വിജ്ഞാപനത്തിനെതിരായി വന്ന വിമർശനത്തിന് മറുപടി പറഞ്ഞുകൊണ്ട് രണ്ടു ദിവസത്തിനുശേഷം (ആഗസ്റ്റ് 22 തീയതി) ”ദേശാഭിമാനി”യിൽ സ:ഇ.എം.എസ് ഇങ്ങനെ എഴുതി ‘1921 ലഹളയുടെ ബ്രിട്ടീഷ് വിരുദ്ധ സ്വഭാവത്തെ പുകഴ്‌ത്തുക; അതിന്റെ സാമുദായിക സ്വാഭാവത്തിനെതിരായി താക്കീത് നൽകുക. ഇത് രണ്ടും വിജ്ഞാപനത്തിന്റെ ആദ്യം മുതൽ അവസാനം വരെ വായനക്കാരന് കാണാം.”
ചുരുക്കത്തിൽ, കൃഷിക്കാർക്ക് സഹജമായ ജന്മിവിരോധം, സാമ്രാജ്യ വിരോധം, അതിൽനിന്നുളവാകുന്ന സമരവീര്യം എന്നിവയോടൊപ്പം തന്നെ അവരെ നയിക്കുന്ന ബൂർഷ്വാ നേതൃത്വത്തിന്റെ വർഗ്ഗസ്വഭാവത്തിൽ നിന്നുളവായ വർഗീയത – ഇതെല്ലാം ചേർന്നതാണ് 1921 ലെ മലബാർ കലാപമെന്നാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ വിലയിരുത്തിയത്. ആ വിലയിരുത്തൽ തന്നെയാണ് കമ്മ്യൂണിസ്റ്റ് (മാർക്‌സിസ്റ്റ്) പാർട്ടിക്ക് ഇന്നുള്ളതെന്നു പ്രഖ്യാപിക്കാൻ സ്റ്റേറ്റ് കമ്മിറ്റിക്ക് മടിയില്ല.
മുസ്ലിം ലീഗ് നേതാക്കന്മാരാകട്ടെ, അന്ന് ഈ വിലയിരുത്തലിനെ ശക്തിയായി എതിർത്തിരുന്നവരാണ്. ഇന്നവർ മറ്റൊരു തരത്തിൽ അതിനെ തീർക്കുകയാണ്. ലഹളയുടെ ജന്മിവിരുദ്ധവും സാമ്രാജ്യവിരുദ്ധവുമായ സ്വഭാവം പുറത്തുകൊണ്ടുവന്നതായിരുന്നു അന്ന് ഞങ്ങളെ സംബന്ധിച്ച് മറ്റുള്ളവർക്കെന്നപോലെ ലീഗ് നേതാക്കന്മാരും ആക്ഷേപമെങ്കിൽ അത് അവസാനം വർഗീയ ലഹളയായി കലാശിച്ചുവെന്ന സത്യം പറയുന്നതാണ് ഇന്ന് അവരുടെ ദൃഷ്ടിയിൽ ആക്ഷേപകരമായി തോന്നുന്നത്. ഈ രണ്ട് ആക്ഷേപങ്ങളെയും കമ്മ്യൂണിസ്റ്റ് (മാർക്‌സിസ്റ്റ്) പാർട്ടി തിരസ്‌കരിക്കുന്നു.
1946 ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്തതുപോലെ ഇന്ന് ഞങ്ങളും 1921 ലെ കലാപത്തെ വിപ്ലവസമരങ്ങൾക്കുള്ള ”ഒരാഹ്വാന’മായും വർഗീയതക്കെതിരായ ”ഒരു താക്കീതാ”യും തന്നെയാണ് കാണുന്നത്. ഇതിൽ ഒന്നാമത്തേതിനെ നിഷേധിക്കുന്ന ജനസംഘത്തിന്റെയും മറ്റു ഹിന്ദു വർഗീയവാദികളുടെയും സമീപനത്തെയെന്നപോലെ രണ്ടാമത്തേതിനെ നിഷേധിക്കുന്ന മുസ്ലിം ലീഗിന്റെ നിലപാടിനെയും പാർട്ടി നിസ്സങ്കോചം തള്ളിക്കളയുന്നു.
ഇ.എം.എസ്, എ.കെ.ജി., കെ.ആർ.ഗൗരിയമ്മ, വി.എസ്.അച്യുതാനന്ദൻ, ഇ.കെ.ഇമ്പിച്ചിബാവ മുതലായവർകൂടി ഉൾപ്പെട്ട അന്നത്തെ സംസ്ഥാനക്കമ്മിറ്റിയുടെ സെക്രട്ടറി സഖാവ് ഇ.കെ.നായനാർ ആയിരുന്നു. പ്രസ്താവനയിൽ, വലതു കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് പരാമർശിച്ചിട്ടുള്ളത് സി.പി.ഐ.യെയാണ്. 1979 ഒക്ടോബർ വരെ സി.പി.എം. സഖാക്കൾക്ക് സി.പി.ഐ. എന്ന വാക്ക് അലർജിയായിരുന്നു. ഈ പ്രസ്താവന ബഷീർ ചുങ്കത്തറ എഡിറ്റ് ചെയ്ത് പുരോഗമന കലാ-സാഹിത്യ സംഘം മലപ്പുറം ജില്ലാ കമ്മിറ്റി 2011ൽ പ്രസിദ്ധീകരിച്ച ‘മലബാർ കലാപം ഇ.എം.എസിന്റെ ആഹ്വാനവും താക്കീതും’ എന്ന പുസ്തകത്തിന്റെ 44 മുതൽ 47 വരെയുള്ള പേജുകളിൽ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അഡ്വ. ജയശങ്കർ വ്യക്തമാക്കുന്നു.
Comments