കൊച്ചി: ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയില്‍ കൊച്ചി സ്വദേശിയായ യുവാവിന് ക്രൂരമര്‍ദനമേറ്റത് ചളിക്കവട്ടത്തുള്ള ഇടിമുറിയില്‍ വച്ച്. നട്ടെല്ലിനു ഗുരുതരമായി ക്ഷതമേറ്റ കൊച്ചി സ്വദേശി ആന്റണി ജോണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമ്മനം ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സിപിഎം പ്രാദേശിക നേതാക്കളും യുവാവിനെ മര്‍ദ്ദിച്ച സംഘത്തില്‍ ഉണ്ടായിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ചളിക്കവട്ടത്ത് ഇടിമുറിയുണ്ടെന്ന് സിപിഎം ഏരിയ സമ്മേളനത്തിലും നേരത്തെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അക്രമിസംഘത്തിലുണ്ടായിരുന്ന സുബ്ബരാജ്, സുന്ദരന്‍, അനൂപ് എന്നിവര്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ്. പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ചളിക്കവട്ടത്തെ ഇടിമുറിയെ കുറിച്ച് വൈറ്റില ഏരിയ സമ്മേളനത്തിലാണ് ആക്ഷേപം ഉയര്‍ന്നത്. മുറിക്കുള്ളില്‍ ആളുകളെ ഭീഷണിപ്പെടുത്തി മുറിയില്‍ കൊണ്ടുവരികയും, പണം അപഹരിക്കുകയും, മാഫിയ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുവെന്നായിരുന്നു സിപിഎമ്മിലെ ഒരു വിഭാഗം അന്ന് ആരോപിച്ചത്.
ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ആന്റണിയെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ വീഡിയോയും മറ്റ് വിവരങ്ങളും പുറത്ത് വന്നതോടെ പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്. പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ നവംബര്‍ 11ന് ചെലവന്നൂരില്‍ സുഹൃത്തിന്റെ അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് എത്തിയപ്പോഴാണ് ആന്റണിയെ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്.
മര്‍ദ്ദിച്ചവശനാക്കിയ ശേഷം ആന്റണിയെ അക്രമിസംഘം ആശുപത്രിക്ക് മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. അങ്കമാലിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച ശേഷം പൂര്‍ണ്ണ നഗ്‌നനാക്കി മര്‍ദ്ദിച്ചെന്നാണ് ആന്റണിയുടെ പരാതിയില്‍ പറയുന്നത്. പരാതിപ്പെട്ടാല്‍ കുടുംബത്തോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതുകൊണ്ട് ബൈക്കില്‍ നിന്ന് വീണതാണെന്നാണ് ആദ്യം ആശുപത്രിയില്‍ പറഞ്ഞത്. പിന്നീടാണ് പോലീസില്‍ പരാതി നല്‍കിയത്. ആന്റണിയുടെ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Comments