കൊച്ചി : ആലുവയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാർത്ഥിനി മൊഫിയയുടെ ഭർത്താവിനെതിരെ കൂടുതൽ ആരോപണങ്ങളുമായി പിതാവ് .സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയായിരുന്നുവെന്ന് പിതാവ് ദിൽഷാദ് സലീം പറഞ്ഞു. ക്രൂരപീഡനമാണ് മൊഫിയയ്ക്ക് ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും നേരിടേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മകളെ മാത്രം മതിയെന്ന് പറഞ്ഞാണ് വിവാഹം ചെയ്തത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ സ്ത്രീധനം ആവശ്യപ്പെട്ട് ശല്യം ചെയ്യാൻ തുടങ്ങി. മകളുടെ മാലയും വളയുമൊക്കെ ആവശ്യപ്പെട്ടു. വീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ മകളെ ഉപദ്രവിച്ചു. പഠനം അവസാനിപ്പിക്കാനും സുഹൈൽ നിർബന്ധിച്ചിരുന്നെന്നും ദിൽഷാദ് സലീം പറഞ്ഞു.
വിവാഹം കഴിഞ്ഞ് രണ്ടര മാസം മാത്രമാണ് ഇരുവരും ഒന്നിച്ച് താമസിച്ചത്. ഇതിനിടെ പുറത്തുപോലും പറയാൻ കഴിയാത്ത ലൈംഗിക വൈകൃതങ്ങൾക്കാണ് മകളെ സുഹൈൽ ഇരയാക്കിയത്. ശരീരം മുഴുവൻ പച്ചകുത്താൻ ആവശ്യപ്പെട്ട് സുഹൈൽ മർദ്ദിച്ചിരുന്നു. യുട്യൂബ് വീഡിയോ നിർമ്മിക്കാൻ 40 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ നൽകാൻ പറ്റില്ലെന്ന് മകൾ പറഞ്ഞു. ഇതിന് പിന്നാലെ മൊഫിയയുടെ കൈപിടിച്ച് തിരിച്ചെന്നും പിതാവ് കൂട്ടിച്ചേർത്തു.
പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് മകൾ പോലീസിൽ പരാതി നൽകിയത്. എന്നാൽ ഇത് ഒത്തുതീർക്കാനായിരുന്നു പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ ശ്രമം. അന്ന് കുട്ടി സഖാവ് എന്ന പേരിൽ ഒരാൾ കൂടി സ്റ്റേഷനിൽ ഉണ്ടായിരുന്നു. ഇയാൾ സുഹൈലിന്റെ ബന്ധുവാണെന്നാണ് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments