അമൃതസർ: പാർട്ടി വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച അമരീന്ദർ സിംഗിന്റെ ഭാര്യക്കെതിരെ കോൺഗ്രസ്സ് പഞ്ചാബ് ഘടകം. അമരീന്ദറിന്റെ ഭാര്യ പ്രിനീത് കൗറിനെതിരെയാണ് കോൺഗ്രസ്സ് പ്രതികാര നടപടിയുമായി നീങ്ങുന്നത്. ഭർത്താവ് കോൺഗ്രസ്സ് വിട്ടെങ്കിലും പ്രിനീത് കോൺഗ്രസ്സ് ചുമതലകൾ രാജിവച്ചിട്ടില്ല.
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന പേരിൽ നടപടിയെടുക്കുമെന്ന ഭീഷണിയുമാണ് കോൺഗ്രസ്സ് സംസ്ഥാന ഘടകം നിലപാട് എടുത്തിരിക്കുന്നത്. 7 ദിവസത്തിനകം വിശദീക രണം നൽകണമെന്നാണ് പാർട്ടി നേതാക്കൾ അറിയിച്ചിട്ടുള്ളത്. ഭർത്താവ് പാർട്ടി വിട്ടിട്ടും കോൺഗ്രസ്സിൽ തുടരുന്ന പ്രിനീത് കോൺഗ്രസ്സിലെ പ്രവർത്തകരെ പാർട്ടിയിൽ നിന്നും അടർത്തിമാറ്റാൻ ചരടുവലിക്കുന്നുവെന്നാണ് ആരോപണം.
പഞ്ചാബ് ലോക് കോൺഗ്രസ്സ് എന്ന പേരിലാണ് അമരീന്ദർ സിംഗ് പുതിയ പാർട്ടി രൂപീകരിച്ചത്. മാത്രമല്ല ന്യൂഡൽഹിയിലെത്തി നരേന്ദ്രമോദിയേയും അമിത് ഷായേയും ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദയേയും കണ്ടതോടെയാണ് കോൺഗ്രസ്സ് വെട്ടിലായത്.
പഞ്ചാബിൽ അദ്ധ്യക്ഷനായി നവ്‌ജ്യോത് സിംഗ് സിദ്ധു വരുന്നതിനേയും കോൺഗ്രസ്സ് ഹൈക്കമാന്റിന്റെ പഞ്ചാബിനോടുള്ള സമീപനത്തിനെതിരേയും മുഖ്യമന്ത്രിയായിരിക്കേ അമരീന്ദർ ശക്തമായി രംഗത്തുവന്നിരുന്നു. ഇതിനിടെ കർഷക സമരത്തിൽ ദേശവിരുദ്ധ ശക്തികൾ നുഴഞ്ഞുകയറിയതിന് പിന്നിൽ കോൺഗ്രസ്സിന്റെ ഗൂഢാലോചനയാണെന്നും അമരീന്ദർ ആരോപിച്ച ശേഷമാണ് രാജിവെച്ചത്.
Comments