കണ്ണൂർ: കൂത്ത്പറമ്പ് വെടിവെയ്പ്പിൽ അഞ്ച് യുവാക്കളുടെ ജീവൻ നഷ്ടമാകാൻ കാരണമായ സ്വാശ്രയ സമരത്തിലെ സിപിഎം കാപട്യം തുറന്ന് കാട്ടി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കൂത്തുപറമ്പ് വെടിവയ്പ്പിന്റെ 27ാം വർഷത്തിലെങ്കിലും സിപിഎം രാഷ്ട്രീയ മാന്യത കാണിക്കണമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. സ്വാശ്രയ സമരത്തിന്റെ പേരിൽ എം വി രാഘവനെ ദ്രോഹിച്ച നിങ്ങൾ ഇന്ന് എം വി രാഘവനെ അംഗീകരിക്കുന്നുവോ? അതോ ഇപ്പോഴും തള്ളിപ്പറയുന്നുവോ? രാഘവനെ നിങ്ങൾ അംഗീകരിക്കുന്നു എന്നാണെങ്കിൽ, കൂത്തുപറമ്പ് സമരം തെറ്റായിരുന്നു എന്നെങ്കിലും നിങ്ങൾ സമ്മതിക്കേണ്ടതുണ്ട്. അത്രയെങ്കിലും രാഷ്ട്രീയ മാന്യത നിങ്ങൾ കേരളത്തോട് കാണിക്കണം.
എം വി രാഘവനെ നിരന്തരം ആക്രമിച്ച നിങ്ങൾ, അദ്ദേഹം മരിച്ചപ്പോൾ ഭൗതിക ശരീരത്തിനായി നടത്തിയ വെപ്രാളം മറക്കാനാവില്ല. പാപ്പിനിശ്ശേരിയിലുള്ള രാഘവന്റ വീടും വീട്ടുപകരണങ്ങളും തീയിട്ടു ചുട്ടു കരിച്ചതും
പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ കയറി മുയലുകളെ പോലും ചുട്ടു കൊന്നതും സാംസ്കാരിക കേരളത്തിന് മറക്കാനാവില്ല. സഹകരണ ബാങ്കിന്റെ ഉദ്ഘാടനത്തിന് പോകുകയായിരുന്ന എം വി രാഘവനെ കൂത്തുപറമ്പ് നഗരമധ്യത്തിൽ എല്ലാ വഴികളും തടഞ്ഞ് കലാപ അന്തരീക്ഷം സൃഷ്ടിച്ച് നേരിട്ടത് എന്തിനു വേണ്ടിയായിരുന്നു എന്ന് 27 വർഷത്തിനു ശേഷമെങ്കിലും കേരളീയ മനസാക്ഷിക്ക് മുന്നിൽ സിപിഐഎം വിശദീകരിക്കണം.
എന്തിനായിരുന്നു കൂത്തുപറമ്പ് സമരം? എന്തിനായിരുന്നു അഞ്ച് രക്തസാക്ഷികളെ സൃഷ്ടിച്ചത്?
എന്തിനായിരുന്നു കണ്ണൂരിനെ കലാപ ഭൂമിയാക്കിയത്? ഈ ചോദ്യങ്ങൾക്കും സിപിഎം മറുപടി പറയണം. കണ്ണൂർ ജില്ലയിൽ സിപിഎമ്മിന് സാധിക്കാത്ത ഒരു മെഡിക്കൽ കോളേജ് എന്ന സ്വപ്നം എം വി രാഘവൻ പൂർത്തീകരിച്ചപ്പോൾ ആണ് സിപിഎമ്മും എം വി രാഘവനും മുഖാ മുഖം നിന്നത്. എം വി രാഘവനോടുള്ള ഈർഷ്യയിൽ നിന്നും രൂപംകൊണ്ട ദുരഭിമാനം.
നിങ്ങൾക്ക് അതെല്ലാം വിസ്മരിക്കാം. കാരണം നിങ്ങൾക്ക് വിവേകം വരണമെങ്കിൽ പതിറ്റാണ്ടുകൾ വേണമല്ലോ!
അന്ന് നിങ്ങൾ നടത്തിയ വെല്ലുവിളികൾ നിറഞ്ഞ പ്രസംഗങ്ങൾ ഞങ്ങൾ മറന്നു പോയിട്ടില്ല. കണ്ണൂർ എസ് പി ഓഫീസ് മാർച്ചിൽ പിണറായി നടത്തിയ ഉദ്ഘാടന പ്രസംഗവും ചരിത്രത്തിലുണ്ട്. പരിയാരം മെഡിക്കൽ കോളേജ് ഇന്നലെ വരെ സിപിഎം ഭരിച്ചു എന്നതും ചരിത്രത്തിന്റെ വിരോധാഭാസമാണെന്നും പോസ്റ്റിലുണ്ട്.
Comments