ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അഡ്വ. വൈ.എ. റഹീം നേതൃത്വം നൽകിയ വിശാല ജനകീയമുന്നണിക്ക് ഉജ്ജ്വല വിജയം. റഹിമിന്റെ പാനലിലെ മൂന്നു മാനേജിങ് കമ്മിറ്റി അംഗങ്ങൾ ഒഴികെ എല്ലാവരും തിരഞ്ഞെടുപ്പിൽ വിജയിച്ചു.
ഷാർജ സിപിഎം അനുഭാവ പ്രവാസി കലാ സാംസ്‌കാരിക സംഘടനയായിരുന്ന ‘ദലയുടെ’ മുൻ പ്രസിഡന്റ്, മാത്തുക്കുട്ടി കടോൺ നയിച്ച പാനലിനെയാണ് റഹീം പാനൽ പരാജയപ്പെടുത്തിയത്. വെള്ളിയാഴ്ച അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിലായിരുന്നു തിരഞ്ഞെടുപ്പ്. യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽനിന്ന് അംഗങ്ങൾ വോട്ടുചെയ്യാനെത്തിയതായി തിരഞ്ഞെടുപ്പ് അധികാരികൾ അറിയിച്ചു.
പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഖജാൻജി, വൈസ് പ്രസിഡന്റ്, ജോയന്റ് സെക്രട്ടറി, സഹ ഖജാൻജി, ഓഡിറ്റർ എന്നീ പ്രധാന സ്ഥാനങ്ങളിലേക്കും ഏഴ് മാനേജിങ് കമ്മിറ്റി അംഗത്വ പദവികളിലുമായിരുന്നു തിരഞ്ഞെടുപ്പ്. അഡ്വ. വൈ.എ. റഹീം നേതൃത്വം നൽകിയ വിശാല ജനകീയ മുന്നണി, മാത്തുക്കുട്ടി കടോൺ പാനലായ വിശാല വികസന മുന്നണി, വിജയൻ നായരുടെ നേതൃത്വത്തിലുള്ള ദേശീയ ജനകീയ മുന്നണി, ഈസ അനീസ് നയിച്ച ജനപക്ഷ മുന്നണി എന്നിവരായിരുന്നു തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
Comments