വാഷിംഗ്ടൺ: കൊറോണയുടെ പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയ്‌ക്കു പുറമേ ജർമനിയിലും ചെക് റിപ്പബ്ലിക്കിലും ഒമിക്രോൺ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഏഷ്യൻ രാജ്യങ്ങൾ നിരീക്ഷണം ശക്തമാക്കണമെന്നും ആരോഗ്യ-സാമൂഹിക സുരക്ഷാ നടപടികളെടുക്കണമെന്നും സംഘടന നിർദ്ദേശം നൽകി. വാക്‌സിനുകൾ നൽകുന്നത് കൂടുതൽ വേഗത്തിലാക്കാനും രാജ്യങ്ങൾക്ക് സംഘടന നിർദ്ദേശം നൽകിയിട്ടുണ്ട്.
അന്താരാഷ്‌ട്ര യാത്രകളിലൂടെ ഒമിക്രോൺ വ്യാപനം ഉണ്ടാവുന്നത് തടയാൻ നടപടിയെടുക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ മേഖലയുടെ റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിംഗ് ആവശ്യപ്പെട്ടു. മിക്ക രാജ്യങ്ങളിലും കൊറോണ വ്യാപനം കുറഞ്ഞ് വരുന്ന സാഹചര്യമാണ് ഉള്ളത്. എന്നാൽ ചുരുക്കം ചില രാജ്യങ്ങളിൽ കൊറോണ വ്യാപനം വർദ്ധിക്കുന്നതും പുതിയ വകഭേദങ്ങൾ ഉണ്ടാവുന്നതും വലിയ ആശങ്കയ്‌ക്ക് കാരണമാവുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.അതീവ വ്യാപന ശേഷിയുള്ള വകഭേദമാണ് ഒമിക്രോണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ആഫ്രിക്കൻ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഏഷ്യൻ രാജ്യമായ ഹോങ്കോങ്, ഇസ്രായേൽ യൂറോപ്യൻ രാജ്യമായ ബെൽജിയം, ചെക് റിപ്പബ്ലിക്ക്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ മാത്രം ഇതിനോടകം 100ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
















Comments