പാലക്കാട് : ഗുരുതരാവസ്ഥയിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച വനവാസി യുവാവ് മരിച്ചു. അട്ടപ്പാടി കൊളപ്പടി ഊരിലെ ദോഡത്തൻ (30) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദോഡത്തൻ. ചികിത്സയിലിരിക്കേ ഉച്ചയോടെ ആരോഗ്യനില വഷളായി. തുടർന്നാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റ് മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഡോക്ടർമാർ അറിയിച്ചു. പോഷകാഹാര കുറവിനെ തുടർന്ന് അട്ടപ്പാടിയിൽ ശിശു മരണങ്ങൾ പതിവാകുകയാണ്. ഇതിനിടെയാണ് യുവാവിന്റെ മരണം.
അതേസമയം വനവാസികളുടെ ആരോഗ്യപരിപാലനത്തിനായി സ്ഥാപിച്ച കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളുടെ വലിയ അഭാവമാണ് നേരിടുന്നത്. ഇത് രോഗികളെ ചികിത്സയ്‌ക്കായി മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന സാഹചര്യം ഉണ്ടാക്കുന്നുണ്ട്. ഇക്കാര്യം നിരവധി തവണ അധികൃതർക്ക് മുൻപിൽ ചൂണ്ടിക്കാട്ടിയെങ്കിലും ഫലം കണ്ടില്ല.
ഇതിനിടെ ട്രൈബൽ ആശുപത്രി വികസനം അട്ടിമറിച്ചെന്ന ആക്ഷേപവും ഉയരുന്നുണ്ട്. റഫർ ചികിത്സാ പദ്ധതി പ്രകാരം 12 കോടി രൂപയാണ് പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിക്ക് നൽകിയതെന്നാണ് ആരോപണം.















Comments