തിരുവനന്തപുരം:സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രംഗത്ത്. അട്ടപ്പാടി മേഖലയിൽ നാല് ദിവസത്തിനുള്ളിൽ നടന്ന അഞ്ച് കുഞ്ഞുങ്ങളുടെ മരണങ്ങൾ ഭരണകൂടം നടത്തിയ കൂട്ടക്കൊലയാണെന്ന് അദ്ദേഹം ആരോപിച്ചു.കുറ്റക്കാർക്കെതിരെ കർശന നടപടി ഉടനെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ ആദിവാസി മേഖലയെ പൂർണ്ണമായും കൈ ഒഴിഞ്ഞ സ്ഥിതിവിശേഷമാണെന്ന് കെ സുധാകരൻ കുറ്റപ്പെടുത്തി.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സർക്കാരിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് രംഗത്തെത്തിയത്.
പോഷകാഹാര പദ്ധതിയായ ‘ജനനീ ജന്മരക്ഷാ’ പൂർണ്ണമായും അട്ടമറിച്ചെന്നും അതിനുള്ള ധനസഹായം മാസങ്ങളായി മുടക്കിയെന്നുമുള്ള ഗുരുതരമായ ആരോപണമാണ് ആദിവാസി അമ്മമാർ ഉന്നയിക്കുന്നത്. കുഞ്ഞുങ്ങളുടെ മരണം പോഷകാഹാരക്കുറവ് കൊണ്ടാണെന്ന് ട്രൈബൽ ആശുപത്രി സൂപ്രണ്ടും സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല സുധാകരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഊരുകളിൽ ആരോഗ്യ സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ആരോഗ്യ വകുപ്പും ആദിവാസി-പട്ടിക ക്ഷേമവകുപ്പും പൂർണപരാജയമാണെന്ന് അദ്ദേഹം ആരോപിച്ചു.സർക്കാർ കൊട്ടിഘോഷിച്ചു നടത്തിയ കിറ്റ് വിതരണം പോലും പല ഊരുകളിലും നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















Comments