ശ്രീനഗർ : ജമ്മു കശ്മീരിന്റെ അമിതാധികാരം പുന:സ്ഥാപിക്കണമെന്ന ആവശ്യം തുടർച്ചയായി ഉന്നയിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഭീകരവാദവും, തൊഴിലില്ലായ്മയും വർദ്ധിക്കാൻ കാരണമായെന്ന് ചൂണ്ടിക്കാട്ടിയാണ് ഒമർ അബ്ദുള്ള രംഗത്തുവന്നിരിക്കുന്നത്. കേന്ദ്രസർക്കാരിനെതിരെ ജനങ്ങൾ ആയുധമെടുക്കാൻ തയ്യാറാണെന്നും ഒമർ അബ്ദുള്ള പറഞ്ഞു. ദോഡയിൽ നടന്ന പൊതുപരിപാടിയിലായിരുന്നു ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണമെന്ന് ആവശ്യം ഒമർ അബ്ദുള്ള വീണ്ടും ഉന്നയിച്ചത്.
തങ്ങളുടെ ഭരണകാലത്ത് പൂർണമായും തുടച്ചുനീക്കിയ മേഖലകളിൽ വീണ്ടും ഭീകരവാദം പൊട്ടിമുളയ്‌ക്കുകയാണ്. ശ്രീനഗറിലെ ജനങ്ങൾ പോലും തങ്ങൾ സുരക്ഷിതരാണെന്ന് കരുതുന്നില്ല. ഇവിടങ്ങളിലെ ഭീകരർ പുറത്തു നിന്നും വന്നവരല്ല. മറിച്ച് ഇവരെല്ലാം ജമ്മു കശ്മീരിലെ യുവാക്കളാണ്. കേന്ദ്രസർക്കാരിനോടുള്ള ദേഷ്യത്താലും മറ്റ് കാരണങ്ങളാലും യുവാക്കൾ ആയുധമെടുക്കുകയാണ്.
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതോടെ ഭീകരവാദം അവസാനിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഉണ്ടായത് വിപരീത ഫലമാണ്. അമിതാധികാരം ഇല്ലാതാകുന്നതോടെ കശ്മീരിൽ കൂടുതൽ നിക്ഷേപം ഉണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ജനതയുടെ തൊഴിൽ സാദ്ധ്യതകൾ മങ്ങി. പ്രഖ്യാപനങ്ങളെല്ലാം പാഴ്‌വാക്കുകളായെന്നും ഒമർ അബ്ദുള്ള ആരോപിച്ചു.
















Comments