തിരുവനന്തപുരം: മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും അതൃപ്തി സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.ഇരുവരുടേയും അതൃപ്തി സ്വാഭ്വാവികം മാത്രമെന്നും പാർട്ടിയിൽ പ്രശ്‌നങ്ങളില്ലെന്നും സുധാകരൻ വ്യക്തമാക്കി.
സർക്കാരിനെതിരായ സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ ചേർന്ന യോഗത്തിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നില്ല.തിരുവനന്തപുരത്ത് ഉണ്ടായിട്ടും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ചേർന്ന യോഗത്തിൽ നിന്നും ഇരുവരും വിട്ടു നിന്നു.മുതിർന്ന നേതാക്കളുടെ അതൃപ്തി വലിയ ചർച്ചയ്‌ക്ക് വഴി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് രംഗത്തെത്തിയത്.
അതേസമയം മമ്പറം ദിവാകരനെതിരെ നടപടിയെടുത്തതിൽ സുധാകരൻ ഉറച്ചു നിന്നു. കണ്ണൂർ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മമ്പറം ദിവാകരനെ സസ്‌പെൻഡ് ചെയ്തത്.അച്ചടക്കലംഘനം കാട്ടിയതിനാലാണു നടപടിയെടുത്തത്. ഇതു വച്ചുപൊറുപ്പിക്കാനാകില്ലെന്നും സുധാകരൻ വ്യക്തമാക്കി.അച്ചടക്കലംഘനം ശ്രദ്ധയിൽപെട്ടാൽ വലിപ്പ ചെറുപ്പം നോക്കാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെപിസിസിയുടെപുതിയ നേതൃത്വത്തിന്റെ തീരുമാനങ്ങളിൽ കടുത്ത അതൃപ്തിയിലാണ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പുനഃസംഘടന നിർത്തി വെക്കണമെന്ന ഇരുവരുടെയും ആവശ്യം കെപിസിസി നേതൃത്വം പരിഗണിച്ചില്ല . ഹൈക്കമാൻഡും ഗ്രൂപ്പുകളെ അവഗണിച്ചു. അതൃപ്തി പരസ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇരുവരും മുന്നണി യോഗത്തിൽ നിന്നും വിട്ടു നിന്നത് എന്നാണ് സൂചന.
Comments