മലപ്പുറം: കുറ്റിപ്പുറത്ത് കുഴൽപണവുമായി പിടികൂടിയ യുവാക്കൾ തൊഴിൽരഹിതരെങ്കിലും ലക്ഷപ്രഭുക്കൾ. കുഴൽപണ വിതരണത്തിലൂടെ മലപ്പുറം വേങ്ങര സ്വദേശികളായ സഹീറും ഷമീറും സമ്പാദിച്ചത് ലക്ഷങ്ങളെന്ന് പോലീസ്.
പ്രത്യേകിച്ച് ജോലിക്കൊന്നും പോകാതെ തന്നെ കാറും ബൈക്കും വിലകൂടിയ മൊബൈൽ ഫോണും ഉപയോഗിച്ച് മാഫിയാ തലവൻമാരായി വിലസുന്നതിനിടെയാണ് അനധികൃത പണവുമായി പോലീസിന്റെ പിടിയിലാവുന്നത്.
കുറ്റിപ്പുറത്ത് ദേശീയ പാതയിൽ വാഹനപരിശോധനയ്‌ക്കിടെയാണ് ഇവരിൽ നിന്നും പണം പോലീസ് കണ്ടെടുത്തത്. 63 ലക്ഷം രൂപയാണ് കണ്ടെത്തിയത്. കാറിൽ രഹസ്യ അറ ഉണ്ടാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദേശത്തിന് അടിസ്ഥാനത്തിലാണ് ഇരുവരും കുഴൽപ്പണം വിവിധ ജില്ലകളിൽ എത്തിച്ചിരുന്നത്.
തൃശ്ശൂർ ജില്ലയിലേക്ക് പണം കൊണ്ടുപോകുന്നതിനിടെയാണ് കുറ്റിപ്പുറത്ത് ഇവർ പിടിയിലായത്. സഹീറും ഷമീറും നേരിട്ടാണ് കുഴൽപ്പണ ഇടപാടുകൾ നടത്തിയിരുന്നത്.
പിടിച്ചെടുത്ത പണവും പ്രതികളെയും ഇൻകംടാക്സ് ഡിപ്പാർട്ട്മെൻറിന് കൈമാറും. സി ഐ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
















Comments