മുംബൈ : ബിനോയ് കോടിയേരി പ്രതിയായ ലൈംഗിക പീഡന കേസിൽ ഡിഎൻഎ ഫലം പുറത്തുവിടണമെന്ന ആവശ്യം ശക്തമാക്കി ഇരയായ യുവതി. തന്റെ മകന്റെ പിതൃത്വത്തെ മുൻ നിർത്തിയുള്ള ഡിഎൻഎ ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി മുംബൈ ഹൈക്കോടതിൽ അപേക്ഷ നൽകി. യുവതിയുടെ അപേക്ഷ കോടതി ഇന്നലെ പരിഗണിച്ചു.
ജസ്റ്റിസുമാരായ നിധിൻ ജാംദാർ, സാരംഗ് കോട്ട്‌വാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് യുവതിയുടെ അപേക്ഷ പരിഗണിച്ചത്. അപേക്ഷയിൽ തുടർവാദം ജനുവരി നാലിന് നടക്കും.
കഴിഞ്ഞ വർഷം ഡിഎൻഎ ഫലം അന്വേഷണ സംഘം പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ കൊറോണ വ്യാപനത്തെ തുടർന്ന് കോടതി നടപടികൾ നിർത്തിവെച്ചതോടെ തുടർനടപടികളും മാറ്റിവെയ്‌ക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും കോടതികളുടെ പ്രവർത്തനം സാധാരണ നിലയിലായ സാഹചര്യത്തിലാണ് ഡിഎൻഎ ഫലം പുറത്തുവിടണമെന്ന ആവശ്യവുമായി യുവതി കോടതിയിൽ എത്തിയത്.
2019 ലാണ് ബിനോയ് കോടിയേരിക്കെതിരെ യുവതി പോലീസിൽ പരാതി നൽകിയത്. ഓഷിവാര പോലീസ് സ്‌റ്റേഷനിലായിരുന്നു പരാതി നൽകിയത്. ഇതിനെതിരെ ബിനോയ് മുംബൈ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കോടതിയാണ് ഡിഎൻഎ പരിശോധന നടത്താൻ ഉത്തരവിട്ടത്.
കോടതി നിർദ്ദേശ പ്രകാരം ബിനോയ് കോടിയേരി ജൂലൈ 30 ന് ജെ.ജെ ആശുപത്രിയിൽ എത്തി രക്തസാമ്പിളുകൾ നൽകി. എന്നാൽ ഇതിന്റെ പരിശോധന ഫലം 17 മാസങ്ങൾക്ക് ശേഷമാണ് ആശുപത്രി അധികൃതർ പോലീസിന് കൈമാറിയത്. തുടർന്ന് ഇത് കോടതിയിൽ സമർപ്പിക്കുകയായിരുന്നു.
അതേസമയം പീഡന കേസിൽ ബിനോയ് കോടിയേരിക്കെതിരായ കുറ്റപത്രം ഈ മാസം 13 ന് ദിൻഷോദി കോടതി പരിഗണിക്കും.
Comments